ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Sunday, November 1, 2020

ദൈവം ഉണ്ടോ ഇല്ലയോ ?!

ദൈവം ഉണ്ടോ ഇല്ലയോ ?!

ദൈവം ഉണ്ടോ അതോ ഇല്ലയോ എന്ന പുരാതന കാലം മുതലുള്ള തർക്കമാണ് ഈ ലേഖനത്തിലൂടെ നമ്മൾ ചർച്ച ചെയ്യുന്നത്. ദൈവം ഉണ്ടോ, ഇല്ലയോ എന്ന് ചോദിക്കുന്നത് മാങ്ങയണ്ടിയണോ മൂത്തത്, അതോ മാവാണോ മൂത്തത് എന്ന് ചോദിക്കുന്നത് പോലയാണ്. അതായത് മനുഷ്യൻ ദൈവത്തെ സൃഷ്ടിച്ചതാണോ, അതോ ദൈവം മനുഷ്യരെ സൃഷ്ടിച്ചതാണോ എന്നതാണ് ചോദ്യം !

നമുക്കാദ്യം ദൈവം എന്നുള്ള കൺസെപ്റ്റിനെപറ്റി ചർച്ച ചെയ്യാം. ഈ ലോകത്ത് കോടി കണക്കിന് ജീവജാലങ്ങളുണ്ട്, അതിൽ മനുഷ്യൻ മാത്രമേ ദൈവത്തെ ആരാധിക്കുകയും, ഒരു പ്രത്യേക മതത്തിൽ വിശ്വസിക്കുകയും ചെയ്യുന്നുള്ളൂ. ഒരു ദൈവത്തിലും വിശ്വസിക്കാതിരുന്നിട്ടും മറ്റുള്ള ജീവജാലങ്ങൾ എല്ലാം വർഷങ്ങളോളം സുഖമായി ജീവിച്ച് മരിക്കുന്നു. പിന്നെ മനുഷ്യൻ മാത്രം എന്ത് കൊണ്ട് ദൈവത്തിൽ വിശ്വസിക്കുന്നു ?! അതിന് ഉത്തരം കണ്ടെത്തണമെങ്കിൽ നാം വർഷങ്ങൾ പിറകോട്ട് സഞ്ചരിക്കണം.

മറ്റുള്ള ജീവജാലങ്ങളെല്ലാം അവയുടെ വിധിയെ സ്വീകരിച്ചുകൊണ്ടാണ് ജീവിക്കുന്നത്. അതായത് ജീവിതതിൽ എന്ത് വന്നാലും അത് അപ്പാടെ തന്നെ സ്വീകരിക്കുന്നു. പക്ഷെ മനുഷ്യൻ മറ്റ് ജീവജാലങ്ങളെക്കാൾ ചിന്താ ശക്തിയും, ബുദ്ധിയും ഉള്ള ജീവിയാണ്. അതുകൊണ്ട്, മനുഷ്യൻ ഈ ഭൂമിയിലുള്ള എല്ലാത്തിനേയും വിശകലനം ചെയ്യാൻ ആരംഭിച്ചു, അപ്പോൾ ഈ ഭൂമിയിലുള്ള ഒരോ വസ്തുവിന്റേയും Complexity (ഉദാ: ഭൂമി, ശരീരം..) മനുഷ്യന് മനസ്സിലായി. അത് മാതൃകയാക്കി മനുഷ്യൻ പല പുതിയ വസ്തുക്കളും രൂപകലപ്പന ചെയ്തു.അപ്പോൾ മനുഷ്യന് സംശയമായി, ഈ കണക്കിന് ലോകത്തിലെ ഒരോ വസ്തുവിനും ഒരു രൂപകല്പകൻ അധവാ സൃഷ്ടാവ് ഉണ്ടാവുമല്ലോ എന്ന്. അങ്ങനെയാണ് ദൈവം എന്ന കൺസെപ്റ്റ് ഉദ്ഭവിക്കുന്നത്. മറ്റൊരു കാരണം അന്ന് മനുഷ്യന്റെ നിലനിൽപ്പിന് വിഘാതം, പ്രപഞ്ച ശക്തികളും(കൊടുംകാറ്റ്, വെള്ളപ്പൊക്കം, ഇടിമിന്നൽ etc.) , പിന്നെ ഹിംസ്ര ജന്തുക്കളുമായിരുന്നു. അതി ബുദ്ധിയുള്ള മനുഷ്യൻ മറ്റ് ജീവികളെപ്പോലെ അതിനെ accept ചെയ്യുന്നതിന് പകരം, അതിനെ അതിജീവിക്കനുള്ള മാർഗ്ഗം തിരഞ്ഞു. അപ്പോൽ അവൻ ചിന്തിച്ചു ദൈവമാണ് ഇതെല്ലാം സൃഷ്ടിച്ചതെങ്കിൽ ഇതിൽ നിന്ന് രക്ഷ നേടാൻ ദൈവത്തോട് തന്നെ അപേക്ഷിച്ചാൽ മതിയല്ലോ എന്ന്. അങ്ങനെയാണ് പ്രാർധന എന്നൊന്ന് ഉണ്ടായത്.

മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണല്ലോ, അപ്പോൾ സമൂഹമായി ജീവിക്കുന്നതിനു എല്ലാവരിലും കുറച്ച് അച്ചടക്കം ഒക്കെ ആവശ്യമാണെന്ന് മനുഷ്യൻ മനസ്സിലാക്കി, അന്ന് ഇന്നത്തെപ്പോലെ established ആയ നിയമങ്ങൾ ഒന്നും ഇല്ലല്ലോ, അപ്പോൾ അതിനു വേണ്ടി കെട്ടിപ്പടുത്ത, കുറേ നിയമ സംഹാവലിയും ആചാരങ്ങളും ഉണ്ടാക്കേണ്ടി വന്നു, അതാണ് മതങ്ങൾ. ലോകത്തിലെ പല ഭാഗത്തുമുള്ള മനുഷ്യർ ഇങ്ങണെ ഒരോരോ നിയമ സംഹാവലികൾ ഉണ്ടാക്കി, അങ്ങനെ നൂറുകണക്കിന് മതങ്ങൾ ഉണ്ടായി.

എല്ലാ മതതിൽ പെട്ടവരും പറയുന്നു, തങ്ങളുടെ ദൈവമാണ് സത്യ ദൈവം, തങ്ങളുടെ മതമാണ് യദാർധ മതം, തങ്ങളുടെ ദൈവം തങ്ങളുടെ പ്രാർദ്ധന കേൾക്കുന്നുണ്ട് എന്നെല്ലാം. അപ്പോൾ തന്നെ ഒരു കാര്യം സ്പഷ്ടമാണ്, ഇതിൽ ഏതെങ്കിലും ഒന്നേ ശരിയുള്ളൂ, അതായത് ഒന്നുകിൽ ഏതെങ്കിലും ഒരു മതം മാത്രമേ ശരിയുള്ളൂ, അല്ലെങ്കിൽ എല്ലാ മതങ്ങളും തെറ്റാണ്.

ഇനി നമുക്ക് മറ്റൊരു കാര്യം പരിശോധിക്കാം. എല്ലാ മത ഗ്രന്ധങ്ങളും 1500 ഓ(ഇസ്ലാം മതം), 2000 ഓ (ക്രിസ്തുമതം) , 5000 ഓ (ഹിന്ദുമതം) വർഷങ്ങൾ മുൻപ് എഴുതപ്പെട്ടവയാണ്. ഇതിൽ എല്ലാം പറയുന്നു അന്നത്തെ കാലത്ത് ദൈവം സ്ഥിരമായി ഭൂമിയിൽ ജന്മം എടുത്തിരുന്നു എന്നും, ദൈവം സ്ഥിരമായി മനുഷ്യനു പ്രത്യക്ഷപ്പെട്ടിരുന്നു എന്നും, നിരവധി അദ്ഭുതങ്ങൾ പ്രവർത്തിച്ചിരുന്നു എന്നും. പക്ഷേ ഈ മത ഗ്രന്ധങ്ങൾ എഴുതപ്പെട്ടതിന് ശേഷം ഒരിക്കൽ പോലും ദൈവം ജന്മം ഏടുക്കുകയോ, പ്രത്യക്ഷപ്പെടുകയോ, തെളിയിക്കപ്പെടാവുന്ന അദ്ഭുതങ്ങൾ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല.  

ഇതിനു പുറമേ, എല്ലാ മതഗ്രന്ധങ്ങളിലും അത് എഴുതപ്പെട്ട കാലത്തെ വസ്തുതകളും, പിന്നെ  ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ലാത്ത കുറെ കെട്ടുകഥകളുമാണ് പറഞ്ഞിരിക്കുന്നത്. ഉദാഹരണത്തിന് ബൈബിൾ തന്നെയെടുക്കാം, മനുഷ്യനെ മണ്ണുകൊണ്ട് ആണ് നിർമ്മിച്ചത് എന്നാണ് ബൈബിൾ പറയുന്നത്. മണ്ണുകൊണ്ട് ഇത്ര സസൂക്ഷ്മങ്ങളായ നഡീ കോശങ്ങളും മറ്റും ഉണ്ടാക്കുക സാധ്യമല്ല എന്ന് ഇന്ന് നമുക്ക് അറിയാം. ഇത് എഴുതിയ ആൾക്ക് അത്ര വിവരമേ അന്ന് ഉണ്ടായിരുന്നുള്ളൂ എന്നതാണു വാസ്തവം. മനുഷ്യ ശരീരം മണ്ണിന്റെ കളർ ആണല്ലൊ, അപ്പോൾ അത് മണ്ണുകൊണ്ട് ഉണ്ടാക്കിയതാണ് എന്ന് എഴുതി വച്ചു എന്ന് മാത്രം.

കൂടാതെ ബൈബിളിൽ ഇന്ന് അറിയുന്ന ഗ്രഹങ്ങളെ പറ്റി പറയുന്നതേ ഇല്ല. കാരണം എഴുതിയ സ്ഥലത്തുള്ളവർക്ക് ഗ്രഹങ്ങളെ പറ്റി ധാരണ ഉണ്ടായിരുന്നില്ല എന്നത് തന്നെ. പക്ഷെ അതിനും വളരെ പണ്ട് 5,000 വർഷങ്ങൾക്ക് മുൻപ് എഴുതിയ ഹിന്ദുമത ഗ്രന്ധങ്ങളിൽ ഗ്രഹങ്ങളെപ്പറ്റി പറയുന്നുണ്ട്. അതായത് ഇൻഡ്യാക്കാർ, അവരെക്കാളും വിവരം ഉള്ളവരായിരുന്നു എന്നർദ്ധം. അപ്പോൾ അവർക്ക് അറിവുണ്ടായിരുന്ന കാര്യങ്ങൾ അവർ എഴുതി വച്ചു അത്ര തന്നെ.

മറ്റൊന്ന് ബൈബിളിൽ, നോഹയുടെ കാലത്ത് ഭൂമി മുഴുവൻ വെള്ളപ്പൊക്കം ഉണ്ടായതായി പറയുന്നുണ്ട്. 40 ദിവസം കൊണ്ട് മഴപെയ്ത് ഭൂമി മുഴുവൻ വെള്ളം പൊങ്ങി എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ കടലിലെ വെള്ളം നീരാവിയായാണു മഴ പെയ്യുന്നത് എന്ന് നമുക്കിന്നറിയാം. കടലിൽ മാത്രമുള്ള വെള്ളം കരയും, കടലും മുഴുവൻ വെള്ളം പൊങ്ങാൻ ഉണ്ടാവുമോ ?! ഇല്ലല്ലോ. അന്ന് കടലിലെ വെള്ളം നീരാവിയായാണ് മഴപെയ്യുന്നത് എന്ന് അറിയില്ലായിരുന്നു, അതുകൊണ്ട് അങ്ങനെ എഴുതി വച്ചു, അത്ര തന്നെ.

കൂടാതെ ലോകത്തെ എല്ലാ ജീവജാലങ്ങളേയും നോഹയുടെ പെട്റ്റകത്തിൽ കയറ്റി എന്ന് ബൈബിളിൽ എഴുതി വച്ചിരിക്കുന്നു. അത് എഴുതിയ ആളൂടെ പരിസരത്ത് അത്ര വർഗ്ഗം ജീവജാലങ്ങളെ ഉണ്ടായിരുന്നുള്ളൂ (അറേബ്യയിൽ ജീവജാലങ്ങൾ കുറവാണല്ലോ, അറേബ്യൻ പരിസരത്തുള്ള സ്തലങ്ങളാണല്ലോ ബൈബിളിൽ പറയുന്നത്) എന്ന് വേണം അനുമാനിക്കാൻ, അതുകൊണ്ട് ലോകത്ത് ഇത്ര ജീവജാലങ്ങളേ കണൂ എന്ന് എഴുതിയ ആൾ കരുതി എന്ന് മാത്രം.

മതങ്ങൾ ഇന്നും നിലനിൽക്കുന്നത്, ഭയം എന്ന ഒറ്റ അടിസ്ഥാനത്തിലാണ്. അതായത് ഭയപ്പെടുത്തി വിശ്വസിപ്പിക്കുക എന്ന തത്വം. ചെറുപ്പം മുതലേ “ദൈവം ശിക്ഷിക്കും” എന്ന് പറഞ്ഞ്, മാതാപിതാക്കളും മത മേലധ്യക്ഷന്മാരും നമ്മളെ പേടിപ്പിച്ച് വരുതിയിലാക്കുന്നു. ഒരു പഴഞ്ചൊല്ലിൽ പറയുന്നതുപോലെ ചെറുപ്പത്തിൽ ഉള്ള ശീലം പ്രായമായാലും വിട്ടുമാറില്ലല്ലോ. അങ്ങനെ നമ്മൾ ആ വിശ്വാസവും കൊണ്ട് നടന്ന്, അത് മക്കൾക്കും പകർന്നു നൽകി, മരിക്കുന്നു. ഇങ്ങനെയാണ് ഇന്നും മതങ്ങൾ നിലനിൽക്കുന്നത്. മുൻപ് ഇത് ഒരു natural process ആയിരുന്നു. ഇന്ന് പക്ഷേ മതതിന്റെ സ്വീകാര്യത മനസ്സിലാക്കിയ പലരും ഇത് പരമാവധി ദുരുപയോഗം ചെയ്യുന്നുണ്ട്. പെന്തക്കോസ്തി സഭയും, പണം കുന്നുകൂട്ടുന്ന കൃസ്തീയ സഭകളും തന്നെ ഉദാഹരണം. പെന്തക്കൊസ്തി സഭ വിശ്വാസികളെ ചൂഷണം ചെയ്യുമ്പോൾ, മറ്റ് കൃസ്തീയ സഭകൾ വിശ്വാസികളെ പേടിപ്പിച്ചും, മനപ്പൂർവ്വം വിശ്വാസം കുത്തിവച്ചും പണം കുന്നുകൂട്ടുകയും, തങ്ങളുടെ മതതിന്റെ നിലനിൽപ്പ് അരക്കിട്ട് ഉറപ്പിക്കുകയും ചെയ്യുന്നു. ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും നമുക്ക് ഇത്ര വിവരം വച്ചിട്ടും, ടൂബ് ലൈറ്റിലേക്ക് ഈയലുകൾ പറന്നടുക്കുന്നതുപോലെ എല്ലാവരും ഈ മാന്ത്രിക വലയത്തിൽ വീഴുന്നു എന്നതാണ് സത്യം.

പിന്നെ എന്തുകൊണ്ടാണ് ദൈവം കാര്യങ്ങൾ സാധിച്ചു തരുന്നു എന്ന് പറയുന്നത് ?!. നമുക്കറിയാം, ഏതൊരു കാര്യം നടക്കാനും രണ്ട് സാധ്യത ആണ് ഉള്ളത്, ഒന്നുകിൽ നടക്കും, അല്ലെങ്കിൽ നടക്കില്ല. ശരിയല്ലെ?. അതായത് 50:50 ചാൻസ്. ദൈവ വിശ്വാസികൾക്ക് രണ്ടേ രണ്ട് വിശ്വാസങ്ങളെയുള്ളൂ, കാര്യം നടന്നാൽ, ദൈവം രക്ഷിച്ചു എന്ന് പറയും, നടന്നില്ലെങ്കിൽ ദൈവം ശിക്ഷിച്ചു എന്ന് പറയും. രണ്ടിനും 50:50 ചാൻസ് ഉള്ളതുകൊണ്ട്, കുറെ നടക്കും, കുറേ നടക്കില്ല. അപ്പോൾ നടന്നതൊക്കെ ദൈവം സഹായിച്ചതാണെന്ന് പറയും അത്രമാത്രം.

എന്നാൽ യാ‍തൊരു ശക്തിയും ഈ ലോകത്തില്ലേ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയാനും വിഷമമാണ്. എന്റെ അനുഭവം തന്നെയെടുക്കാം. ചെറുപ്പത്തിൽ എന്റെ ദേഹത്ത് ഒരുപാട് അരിമ്പാറകൾ ഉണ്ടായിരുന്നു. മലയാറ്റൂർ പള്ളിയിൽ അരിമ്പാറ അപ്പം നേർച്ച നേർന്നാൽ ഇത് മാറുമെന്ന് കേട്ട് അങ്ങനെ ചെയ്തു, അങ്ങനെ തന്നെ അതെ മാറുകയും ചെയ്തു. ഇത് എങ്ങനെ മാറി എന്നത് എനിക്ക് ഇന്നും അദ്ഭുതമാണ്.

ഞാൻ ചെറുപ്പത്തിൽ വലിയ ദൈവ വിശ്വാസി ആയിരുന്നു, എല്ലാ ഞായരാഴ്ച്ചകളിലും പള്ളിയിൽ പോകുമായിരുന്നു. പക്ഷെ പിന്നീട് ദുബായിൽ വച്ച് പഴയ കമ്പനിക്കാർ എന്റെ ശത്രുക്കളായി, അവർ പെന്തക്കോസ്ത് വിഭാഗതിൽ പെട്ടവർ ആയിരുന്നു. എന്റെ ഭാഗത്തയിരുന്നു സത്യം എങ്കിലും, ദൈവം, അവർക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നത് എന്ന് എനിക്ക് തോന്നി. എന്റെ പ്രാർധനകൾ ദൈവം കേൾക്കുന്നേ ഇല്ല എന്നും. അവർ ഹിന്ദുമത വിശ്വാസികൾക്ക് എതിരേ പ്രവർത്തിച്ചിരുന്നതിനാൽ എനിക്ക് ഹിന്ദുമതതോട് അനുകമ്പ ആയി. അങ്ങനെ ഞാൻ ഹിന്ദുമത വിശ്വായി ആയി. എനിക്ക് ക്രിസ്തുമതതിൽ നിന്നും ഹിന്ദുമതതിൽ നിന്നും ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ പിന്നീട് എന്നോ, ഹിന്ദു മതതിൽ വിശ്വസിക്കുമ്പോൾ, കൃസ്തിയ ദൈവം എനിക്ക് പാര പണിയുന്നതായി തോന്നി തുടങ്ങി ! അങ്ങനെ ഞാൻ എല്ലാ മതങ്ങളിൽ നിന്നും കുറച്ച് ദൂരം പാലിക്കാൻ ആരംഭിച്ചു. ഇന്ന് ഞാൻ ദൈവത്തിലോ മതത്തിലോ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടാണ് !

ഇതൊക്കെ ആയാലും ദൈവ വിശ്വാസം കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് ചോദിച്ചാൽ, - ഉണ്ട് !. ദൈവവിശ്വാസികൾ ദൈവം സഹായിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ്, അതൊരു പൊസിറ്റീവ് ചിന്താഗതിയാണ്. പോസിറ്റീവ് ചിന്താഗതി എപ്പോഴും നല്ലതാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. പിന്നെ മറ്റൊരു കാര്യം, തെറ്റ് ചെയ്താൽ ദൈവം ശിക്ഷിക്കും, എന്നാണല്ലോ ദൈവ വിശ്വാസികളുടെ വിശ്വാസം, അതുകൊണ്ട് അവർ തെറ്റ് ചെയ്യാൻ, കുറച്ചെങ്കിലും ഭയക്കും. ഇത് യദാർദ്ധ ദൈവ വിശ്വാസികളെ ഉദ്ദേശിച്ചാണ് പറഞ്ഞത്. യദാർദ്ധതിൽ സ്ത്രീകളും പിന്നെ വളരെ കുറച്ച് പുരുഷന്മാരും മാത്രമേ യദാർധ ദൈവ വിശ്വാസികളായുള്ളൂ. മറ്റുള്ളവർ ഒരു പേരിനു ദൈവ വിശ്വാസം കോണ്ട് നടക്കുന്നു എന്ന് മാത്രം, അവരെ മത വിശ്വാസികൾ എന്ന് പറയാം !

പക്ഷെ, മതങ്ങൾ കൊണ്ട് വലിയ പ്രയോജനം ഒന്നുമില്ല എന്ന് മാത്രമല്ല, ഒരുപാട് ദൂഷ്യങ്ങൾ ഉണ്ട് താനും. മനുഷ്യനെ മതിൽ കെട്ടി വേർതിരിക്കുന്ന ഒന്നാണ് മതങ്ങൾ. ഒരു മതം മറ്റേതിനേക്കാൾ മേന്മയേറിയതാണെന്ന് ഒരോ മത വിശ്വാസികളും വിശ്വസിക്കുന്നു, ഭലമോ വർഗ്ഗീയ കലാപങ്ങൾ ! ഇതു കൂടാതെ ജാതി മത വേർ തിരിവും, ചേരിതിരിവും. ഇതിനെല്ലാം പുറമേയാണ് അടിച്ചേൽപ്പിക്കപ്പെടുന്ന അചാരങ്ങൾ. ഒരു മതതിൽ ഉള്ളവരെ മറ്റ് മതത്തിൽ ഉള്ളയാൾ വിവാഹം ചെയ്യരുത് തുടങ്ങിയ മാനവികതക്ക് വിലങ്ങുതടിയാകുന്ന പ്രാകൃത ആചാരങ്ങൾ തുടങ്ങിയവ.

ചുരുക്കി പറഞ്ഞാൽ ഈ ലോകത്ത് എന്തോ ഒരു ശക്തി ഉണ്ടെന്ന് വിശ്വസിക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു, പ്രകൃതിതന്നെയാകാം ആ ശക്തി ! അതുകൊണ്ട് തന്നെ പ്രകൃതിയേയും ജീവജാലങ്ങളേയും ദൈവമായി കാണുന്ന ഹിന്ദുമതത്തോട് എനിക്ക് അടുപ്പം ഉണ്ട്.

മതങ്ങളെ പറ്റി പഠിച്ചുകൊണ്ടിരിക്കുന്നതിന്റെ ഭാഗമാണ് ഈ ലേഖനം. ഇതിന്റെ ഭാഗം ആയി എല്ലാ മത ഗ്രന്ധങ്ങളും മുഴുവനായി വായിക്കാൻ താത്പര്യം ഉണ്ട്. ഭഗവത് ഗീതയും, മഹാഭാരതവും, പ്രധാനപ്പെട്ട 12 ഉപനിഷത്ത്കളും ഞാൻ വായിച്ച് കഴിഞ്ഞു. ബൈബിൾ പിന്നെ കുറെ ഒക്കെ അറിയാം, ഖുറാൻ കുറച്ച് വായിച്ചിട്ടുണ്ട്. എല്ലാം മുഴുവനായി വായിച്ച് ഇനിയും എഴുതാം. നന്ദി !

No comments: