ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Sunday, September 23, 2018

ഇരുണ്ട വർഷങ്ങൾ - എന്റെ ജീവിതകഥ ചുരുക്കത്തിൽ !

എന്റെ ലൈഫിലെ ഒരു ഇരുണ്ട കാലഘട്ടത്തെപ്പറ്റിയാണ് ഞാൻ ഇനി പറയാൻ പൊകുന്നത് ! ഈ സംഭവങ്ങൾ ഞാൻ ഇതുവരെ മുഴുവനായി ആരോടും പറഞ്ഞിട്ടില്ല, വർഷങ്ങളായി ഞാൻ ഈ ഭാണ്ടവും പേറി നടക്കുകയാണ്. പക്ഷെ ഈ പറയുന്ന കാര്യങ്ങളൊക്കെ ഒരു കഥപോലെയേ എടുക്കാവൂ, ദയവായി പേർസണൽ ആയി ഏടുക്കരുത് എന്ന് അഭ്യർധിക്കുന്നു  . .

എകദേശം പതിനാലുവർഷങ്ങൽക്ക് മുൻപ് ദുബായിൽ വച്ചാണ് കഥ ആരംഭിക്കുന്നത്. വിശദമായി ഇപ്പൊൾ പറയുന്നില്ല, അതുകൊണ്ട്, 8 വർഷത്തെ കഥ കുറച്ച് പാരഗ്രാഫിൽ ഒതുക്കുകയാണ്.

ഹൈട്ടെക്ക് സ്റ്റീൽ എന്ന ഒരു മലയാളി കമ്പനി ആയിരുന്നു അത്, പേരുകെട്ടപ്പോൾ നിങ്ങൾ വിചാരിച്ച് കാണും ടാറ്റാ സ്റ്റീൽ പോലെ ഒരു വലിയ സ്റ്റീൽ കമ്പനി ആയിരിക്കുമെന്ന്, സത്യത്തിൽ ഞാനും അതുതന്നെയാണ് വിചാരിച്ചിരുന്നത് !, അവിടെ എത്തുന്നതു വരെ, നേരിട്ട് കണ്ടപ്പോഴാണ് മനസ്സിലായത്, അത് നമ്മുടെ നാട്ടിൻപുറത്ത് ഒക്കെ കാണുന്നത് പോലെ ഉള്ള ഒരു ചെറിയ സ്റ്റീൽ വർഷോപ്പ് ആയിരുന്നെന്ന് !

ചെന്നയിൽ, ഫോർഡിന്റെ കാർ പ്ലാന്റിൽ, പാർട്നർ കമ്പനിയായിരുന്ന ഹെയ്ഡൻ എന്ന കമ്പനിയിൽ വർക്ക് ചെയ്തുകൊണ്ടിരുന്ന സമയത്താണ്, ഒരു കൺസൽറ്റൻസി നടത്തിയ ഇന്റർവ്യൂ വഴി ഈ ജോലി കിട്ടൂന്നത്. അവിടത്തെ ജോലി റിസൈൻ ചെയ്തിരുന്നതുകൊണ്ടാണ്, ശമ്പളം കുറവായിരുന്നിട്ടൂം ഈ ഓഫർ സ്വീകരിച്ചത്.

പോരാത്തതിന് വീട്ടിൽ നിന്നും വാങ്ങി ഒരു 50,000 രൂപ കൺസൽറ്റൻസിക്കും കൊടുക്കേണ്ടി വന്നു ! ദുബായിൽ എതിയപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് വശം പിടികിട്ടീയത്, ഈ 50,000 രൂപ കമ്പനിയും കൺസൽറ്റൻസിയും വീതിച്ചെടുക്കുകയാണ് ചെയ്യുക, അതിൽ നിന്ന് കുറച്ച് പൈസ എടുത്താണ് വിസയും ടിക്കറ്റും നമുക്ക് എടുത്ത് തരുന്നത് ! അതായത് നമ്മുടെ പൈസകൊണ്ട് നമുക്ക് തന്നെ വിസയും ടിക്കറ്റും എടുത്ത് തരുന്നു ! എന്താ കഥ !! അതും പോരാഞ്ഞിട്ട് അവർ അയച്ചു തന്നത് ജോബ് വിസയല്ല, വിസിറ്റിംഗ് വിസ ആയിരുന്നു ! ജോലി പോയ കാര്യം വീട്ടിൽ പറയാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നിട്ടാണ് ഇതൊക്കെ ആയിരുന്നാലൂം ഞാൻ ആ ജോലിക്ക് കയറാൻ തീരുമാനിച്ചത്. ഇതൊക്കെ ഇത്ര വിശദമായി പറയാൻ കാരണം മുൻപോട്ട് വായിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും !

എന്തായാലും കാര്യത്തിലേക്ക് വരാം, ഇവർക്ക് ഹൈ ബിൽഡ് കൺസ്റ്റ്രക്ഷൻ എന്ന ഒരു സിവിൽ കൻസ്റ്റ്രക്ഷൻ കമ്പനിയുമുണ്ട്, പിന്നെ ഒന്നു രണ്ട് ചെറിയ തട്ടിക്കൂട്ട് കമ്പനികളുമുണ്ട്! എല്ല്ലാം കൂടി “ഹൈട്ടെക്ക് ഗ്രൂപ്പ്” എന്നാണ് പറയുന്നത്. എന്നെ പ്രധാനമായും എടുത്തിരിക്കുന്നത് "ജബൽ അലി സിമന്റ് ഫാക്റ്ററി" എന്ന ഒരു സിമറ്റ് ഫാക്റ്ററിയുടെ സൈറ്റിലേക്കായിരുന്നു. കമ്പനിക്ക് ആദ്യമായി കിട്ടിയ ഒരു വലിയ വർക്ക് ആണ് ഈ സിമറ്റ് ഫാക്റ്ററിയുടെ വർക്ക്, സിവിൽ കൻസ്റ്റ്രക്ഷൻ മാത്രമേയുള്ളൂ, അതായത് ഓഫീസ് ബിൽഡിംഗുകളും, സിമന്റ് സ്റ്റോർ ചെയ്യാനുപയോഗിക്കുന്ന ഏകദേശം 5 മീറ്റർ ഡയമീറ്ററും 30 മീറ്റർ ഉയരവുമുള്ള “ഒരു സൈലോ” (സംഭരണി), പിന്നെ കുറെ ഫൌണ്ടേഷനുകൾ, മണ്ണിനടിയിലൂടെ സിമന്റ് കൊണ്ടുപോകാൻ ഉപയോഗിക്കുന്ന കൺവെയറുകളുടെ ട്രെഞ്ച് ഇതൊക്കെയായിരുന്നു പ്രധാന വർക്കുകൾ.


കൺസ്റ്റ്രക്ഷൻ സൈറ്റുകളിൽ സേഫ്റ്റി ഓഫീസർ നിർബന്ധമാണ്, അത് ഇൻഡ്യയിലും അങ്ങനെ തന്നെയാണ്. അത് നിയമത്തിലൂം വ്യവസ്ഥ ചെയ്തിട്ടുണ്ട്, ദുബായിലും മറ്റും അത് കൂടുതൽ സ്ടിക്റ്റ് ആണ് എന്ന് മാത്രം. ഞങ്ങളുടെ കമ്പനിക്ക് സേഫ്റ്റി ഓഫീസർ ഇല്ലാതിരുന്നതുകൊണ്ട് , പെയ്മെന്റ് തടഞ്ഞ് വച്ചിരിക്കുകയായിരുന്നു ക്ലയന്റ് ! അതാണ് ഇത്ര തിടുക്കത്തിൽ അവർ എന്നെ അവിടെ എത്തിച്ചത് ! എന്തായാലും കമ്പനിയിലെ ആദ്യത്തെ സേഫ്റ്റി ഓഫീസർ ഞാനായിരുന്നെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ !

ഇതിനിടക്ക് ഒരു കാര്യം പറയട്ടെ, സൈറ്റിൽ എത്തിയ ഉടൻ എനിക്ക് ഒരു ഇമ്പ്രഷൻ ഉണ്ടാക്കേണ്ടതുണ്ടായിരുന്നു. സേഫ്റ്റിയെപ്പറ്റി തൊഴിലാളികളെ ബോധവത്കരിക്കാൻ സേഫ്റ്റി ബോർഡുകൾ സൈറ്റിൽ വക്കാറുണ്ട്. ഈ കമ്പനിയിൽ അതൊക്കെ വാങ്ങിയെടുക്കാൻ വളരെ ബുധിമുട്ടാണെന്ന് എനിക്ക് അറിയാമായിരുന്നു, ദുബായിൽ ഇതൊക്കെ എവിടെ കിട്ടും എന്നും എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് ഒരു പൊടിക്കൈ ചെയ്തു ! കുറേ സേഫ്റ്റി സ്ലോഗനുകൾ (Safety Slogans) സൈറ്റിലെ കളർ പ്രിന്ററിൽ നിന്ന് പ്രിന്റൌട്ട് എടുത്ത് ഓഫീസിലും സൈറ്റിലും മുഴുവൻ ഒട്ടിച്ച് വച്ചു ! കുറച്ച് ദിവസം കഴിഞ്ഞ് എം.ഡി സൈറ്റിൽ വന്നു, പുള്ളിക്ക് ഇത് കണ്ട് വളരെ ബൊധിച്ചു !

എന്തായാലും കുറച്ച് നാൾ കഴിഞ്ഞപ്പോഴേക്കും മനസ്സിലായി കമ്പനി വെറും കറക്കാണെന്ന് ! ഞങ്ങളൂടെ സൈറ്റിലാണ് കമ്പനിയിലെ ഏറ്റവും അധികം ആളുകൾ വർക്ക് ചെയ്തിരുന്നത്, കമ്പനിയിലെ ഏറ്റവും ആദ്യത്തെ തൊഴിലാളിയായ “തർസീം ലാൽ” എന്ന പഞ്ചാബിയും ആദ്യത്തെ ഉദ്യോഗസ്ഥനായ ഫോർമാർ “മാമച്ചനും” ഞങ്ങളുടെ സൈറ്റിലായിരുന്നു. ഈ മാമച്ചനും, കമ്പനിയുടെ ഉടമയും ഏംഡിയുമായ “ജോയ് കല്ലുംങ്കലും” പണ്ട് ഒരേ കമ്പനിയിൽ തൊഴിലാളികളായി വർക്ക് ചെയ്തിരുന്നതാണെന്ന് മാമച്ചൻ എന്നോട് പറഞ്ഞു, കമ്പനിയിലെ തൊഴിലാളികളോടും, ഫോർമാന്മാരോടും, എൻജ്ജിനീയർസിനോടും ഒക്കെ സംസാരിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി, കമ്പനിയെപ്പറ്റി ആർക്കും നല്ല അഭിപ്രായമില്ല, എന്നാൽ എല്ലാവർക്കും കമ്പനി ഒന്ന് നന്നായി കാണണമെന്ന് ആഗ്രഹമുണ്ട് താനും ! ഞാൻ ഈ കമ്പനി നന്നാക്കുവാൻ ശ്രമിക്കുമെന്ന് അന്നേ മനസ്സിൽ ഒരു തീരുമാനമെടുത്തു ! സേഫ്റ്റി മീറ്റിംഗിൽ തൊഴിലാളികൾക്ക് പറയാനുള്ളതെല്ലാം കേട്ടു, ആത്മാർധമായി പരിശ്രമിക്കണമെന്ന് അവരോടെല്ലാം പറയുകയും ചെയ്തു. മീറ്റിംഗിൽ ഉണ്ടായിരുന്ന മാമച്ചൻ ഞാൻ ഈ കമ്പനിയിൽ എന്തെങ്കിലും ഒക്കെ ചെയ്യുമെന്ന് അതോടെ വിശ്വസിക്കുകയും ചെയ്തിരുന്നു.

ഇതൊക്കെ ഒരു വശത്തുകൂടെ നടക്കുമ്പോഴാണ് ഇടിവെട്ടേറ്റതുപോലെ ആ ന്യൂസ് അറിഞ്ഞത്, ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്തിന് തീ പിടിച്ചിരിക്കുന്നു ! “കാരാവാൻ” എന്നറിയപ്പെടുന്ന ഒരു പ്ലൈവുഡ് കൊണ്ട് നിർമ്മിച്ച ഒരു തരം കണ്ടെയ്നറുകളിലാണ് ഞങ്ങൾ താമസിച്ചിരുന്നത് ! അതൂം ഹെഡ് ഓഫീസ് ഇരിക്കുന്നതിനടുത്ത് ഇൻഡ്രസ്റ്റ്രിയൽ ഏരിയയിൽ, കമ്പനിയുടെ സ്റ്റോർ യാർഡിൽ ! അവിടത്തെ നിയമം അനുസരിച്ച്, ഇൻഡ്സ്ര്റ്റിയൽ ഏരിയയിൽ താമസം അനുവദിക്കില്ല, ആളുകളുടെ സുരക്ഷക്ക് വേണ്ടിയാണത്, കമ്പനികളിലും മറ്റും അപകടങ്ങൾ ഉണ്ടാകുവാൻ സാധ്യത എറേ ഉണ്ടല്ലോ, അതുകൊണ്ടാണത്.

ഞങ്ങളുടെ സൈറ്റിൽ നിന്ന് ഏകദേശം 1 മണിക്കൂർ യാത്രയുണ്ട്  താമസസ്ഥലത്തേക്ക്, ഞങ്ങൾ ഓടിപ്പിടിച്ച് അവിടെയെത്തി നോക്കുമ്പോൾ താമസിച്ചിരുന്ന സ്ഥലത്ത് കട്ടിലിന്റെ ഉരുകിയ കുറേ ഫ്രെയിം മാത്രമേ ഉള്ളൂ ! എന്റെ സകല സർട്ടീഫിക്കറ്റുകളും, ആകെ സമ്പാദ്യമായിരുന്ന 7000 രൂപയും, തുണികളും, എല്ലാം കത്തിച്ചാമ്പലായി ! എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു ! പത്താം ക്ലാസ്സ് മുതൽ B.Tech വരെയുള്ള സർട്ടിഫിക്കറ്റുകൾ ഇനി കിട്ടുമോ, എന്ന് കിട്ടും എന്നൊന്നും അറിയില്ലായിരുന്നു !

എന്തായാലും ഞങ്ങളുടെ താമസം അതൊടെ ജബലലിയിലെ സിമന്റ് ഫാക്ടറി സൈറ്റിലേക്ക് മാറ്റി ! സൈറ്റിലെ തൊഴിലാളികളെ താമസിപ്പിച്ചിരുന്ന ലേബർ ക്യാമ്പാണത് ശരിക്കും ! അതും ഇൻഡ്രസ്റ്റ്രിയൽ ഏരിയ തന്നെയാണ്, അവിടെയും ശരിക്കും താമസിക്കാൻ പാടുള്ളതല്ല ! ഇതൊക്കെ ഞങ്ങളുടെ കറക്ക് കമ്പനിക്കുണ്ടോ ബാധകം ?! അവിടത്തെ താമസം കുറേക്കൂടി പരിതാപകരമായിരുന്നു, സെപ്റ്റിക് ടാങ്കിനു പകരം ഒരു വീപ്പക്കുറ്റിയാണ് വച്ചിരിക്കുന്നത്, താമസിക്കുന്നതോ 100ൽ അധികം പേരും, വീപ്പകുറ്റി പൊട്ടിയൊലിച്ച് ദുർഗന്ധം വമിച്ച് തുടങ്ങി !

അങ്ങനെ തട്ടിമുട്ടി പോകുന്ന സമയത്താണ് അടുത്ത ഇടിവെട്ട്, ശമ്പളം മുടങ്ങി !  3 മാസമായി ശമ്പളമില്ല ! ഞങ്ങൾ ആകെ നക്ഷത്രം എണ്ണി !! വീട്ടിലേക്ക് ഫോൺ വിളിക്കാൻ വരെ പൈസയില്ല. ആയിടക്ക് എംഡി ഞങ്ങളുടെ സൈറ്റിലെത്തി ക്ലയന്റിന്റെ കയ്യിൽ നിന്നും പൈസ വാങ്ങാനായി നട്ടം തിരിയുന്നത് കാണാമായിരുന്നു ! സത്യത്തിൽ കഷ്ടം തോന്നിയിരുന്നു !

ശമ്പളമൊക്കെ കിട്ടിത്തുടങ്ങി ഒരു വിധത്തിൽ നേരേ ചൊവ്വേ നിൽക്കാൻ തുടങ്ങിയപ്പോഴാണ് അടുത്ത വെള്ളിടി വീണത്, എന്റെ വിസിറ്റിംഗ് വിസയുടെ കാലാവധി തീർന്നു ! അവർ അത് റിന്യൂ ചെയ്യുന്നുമില്ല, ജോബ് വിസ അടിക്കുന്നുമില്ല ! പുറത്തിറങ്ങിയാൽ പോലീസ് പിടിക്കുമെന്നായി അവസ്ഥ ! പേടിച്ച് കുറേ നാൾ പുറത്തിറങ്ങിയില്ല, പിന്നീട് HR manager അനിതാ മാഡത്തിന്റെ കാലുപിടിച്ച് ഒരു വിധത്തിൽ ജോബ് വിസ അടിപ്പിച്ചു ! അനിതാ മാഡം എന്റെ യൂണിവേർസിറ്റിയായ CUSATൽ നിന്നാണ് MBA എടുത്തിരുന്നത്, കൂടാതെ എന്നോട് കുറച്ച് സോഫ്റ്റ് കോർണറും ഉണ്ടായിരുന്നു, എന്റെ മമ്മി അനിതാ മാഡത്തെ ഇടക്കിടക്ക് വിളിക്കാറുമുണ്ടായിരുന്നു. എന്തായാലും അങ്ങനെ ആ പ്രശ്നത്തിൽ നിന്നും രക്ഷപ്പെട്ടു.

സൈലോയുടെ വർക്ക്, “സ്ലിപ്പ് ഫോം കോൺക്രീറ്റിംഗ്” എന്ന ടെക്നിക്ക് ഉപയോഗിച്ചാണ് ചെയ്യെണ്ടത്. അതായത് മുഴുവൻ ഉയരത്തിലും തട്ടടിച്ച് ഒന്നായി കോൺക്രീറ്റ് ചെയ്യുന്നതിനു പകരം, സൈലോയുടെ വ്യാസത്തിൽ ഒരു താത്കാലിക പ്ലാറ്റ്ഫോം ഉണ്ടാക്കി അത് ഹൈഡ്രോളിക് ജാക്ക് ഉപയോഗിച്ച് ഉയർത്തിക്കൊണ്ടിരിക്കും, ഒരു 30 cm സെന്റീമീറ്റർ ഉയരത്തിൽ കോൺക്രീറ്റ് ഇടും എന്നിട്ട് പ്ലാറ്റ്ഫോം ഉയർത്തും, അങ്ങനെ കോൺക്രീറ്റ് ഇടലും ഉയർത്തലും തുടർച്ചയായി സൈലോയുടെ മുഴുവൻ ഉയരം എത്തുന്നത് വരെ ചെയ്തുകൊണ്ടിരിക്കും. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ “ബർജ്ജ് ഖലീഫ” ഈ ടെക്നിക്ക് ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. ഞങ്ങളുടെ കമ്പനിക്ക് ഇത് ചെയ്യാനുള്ള വിവരം ഒന്നും ഇല്ല, അതുകൊണ്ട് സബ്കോണ്ട്രാക്ട് കൊടുത്തിരിക്കുകയായിരുന്നു. ഒരു ബ്രിട്ടീഷ് കമ്പനിയാണ് സബ്കോണ്ട്രാക്ട് എടുത്തിരുന്നത്. സൈലോക്ക് കൊട്ടേഷൻ എടുത്തിരുന്നതിനേക്കാൾ തുക ബ്രിട്ടീഷ് കമ്പനിക്ക് കൊടുക്കണമായിരുന്നു, അതിന്റെ കാരണം അതിലും രസമാണ് ! ഞങ്ങളുടെ കമ്പനി കൊട്ടെഷൻ തയ്യാറാക്കിയപ്പോൾ സൈലോയുടെ മുകളിലേക്കുള്ള ഭാഗം മാത്രമേ കൂട്ടിയുള്ളൂ, ഫൌൻണ്ടേഷൻ ഒക്കെ കൂട്ടൂവാൻ വിട്ടുപോയി ! ഇത്രക്ക് ഉയരമുള്ളത്കൊണ്ട് നല്ല താഴ്ച്ചയിൽ ഫൌണ്ടേഷൻ വേണം, അതിന് വളരെ കോൺക്രീറ്റും ആവശ്യമാണ്, ഈ തുകയൊന്നും കൂട്ടാതെ കൊട്ടെഷൻ കൊടുത്തത്കൊണ്ടാണ് കൊട്ടെഷൻ തുക വളരെ കുറഞ്ഞ് പോയതും, അതുകൊണ്ട് തന്നെ പ്രൊജക്റ്റ് ഈ കമ്പനിക്ക് ലഭിച്ചതും ! മുഴുവൻ വർക്കും കഴിയുമ്പോൾ കമ്പനിക്ക് നഷ്ടം ആയിരിക്കും മിച്ചം എന്നതും എതാണ്ട് ഉറപ്പായിരുന്നു !!

സൈറ്റിൽ എനിക്ക് വലിയ പണിയൊന്നുമില്ല, തൊഴിലാളികൾക്ക് സേഫ്റ്റി ഷൂവും, സേഫ്റ്റി ഹെൽമറ്റും വാങ്ങികൊടുക്കാനൊന്നും കമ്പനിയുടെ കയ്യിൽ പൈസയില്ല, ഞാൻ സ്ഥിരം  അതെല്ലാം റിക്വസ്റ്റ് ചെയ്യും ഹേഡോഫീസിലേക്ക്, അവർ ആണ്ടും കൊല്ലവും എതുമ്പോൾ കുറച്ചെണ്ണം സൈറ്റിലേക്ക് അയക്കും, സമയത്ത് ഇതൊന്നും കൊടുക്കാതെ അവരൊട് ഹെൽമട്ട് ഇടൂ, ഷൂസ് ഇടൂ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ ! കൊടുത്താൽ തന്നെ ആരും ഇതൊന്നും ഇടാൻ താത്പര്യം കാണിക്കാറില്ല എന്നതാണ് വാസ്തവം ! ഭാഗ്യം കൊണ്ടും, എന്റെ പ്രാർധനകൊണ്ടും സൈറ്റിൽ അപകടമൊന്നും ഉണ്ടായില്ല !

ഏതായാലും, കുറെ നാൾ അങ്ങനെ പോയി, പ്രൊജക്റ്റ് എതാണ്ട് 99%വും കഴിഞ്ഞു, തൊഴിലാളികളെ എതാണ്ട് 10-12 പെരോഴിച്ച് മറ്റെല്ലാവരേയും വേറെ സൈറ്റുകളിലേക്ക് മാറ്റി. പ്രൊജെക്റ്റ് മാനേജറും, സൈറ്റ് എഞ്ചിനീയർമാരും, ഫോർമാന്മാരും നാട്ടിലേക്കോ മറ്റ് സൈറ്റുകളിലേക്കോ പോയി ! എന്നെ മാത്രം ശിക്ഷിക്കാനെന്നവണ്ണം ആ സൈറ്റിൽ ഇട്ടിരിക്കുകയാണ്, കൂടെ മാമച്ചനും പിന്നെ ബിബിൻ എന്ന ഒരു സൂപ്പർവൈസറും ഉണ്ട്. ഞാനും ബിബിനും വളരെ കമ്പനിയായിരുന്നു. ഒരു സേഫ്റ്റി ഓഫീസർക്ക് ചെയ്യുവാനുള്ള ഒരു ജോലിയും അപ്പോൾ ആ സൈറ്റിൽ ഇല്ലായിരുന്നു. എല്ലാ പ്രൊജക്റ്റുകളും നോക്കുന്നത് ഹെഡ് ഓഫിസിലെ അജിത് സാർ എന്ന മനേജറാണ്. ഞാൻ സാറിനെ പലപ്രാവശ്യം വിളിച്ച് എന്നെ എങ്ങോട്ടെങ്കിലുമോ, ഹെഡ് ഓഫീസിലേക്കോ മാറ്റണമെന്ന് അഭ്യർധിച്ചു ! പക്ഷെ ഒരു കുലുക്കവും ഇല്ല. കുറേ നാൾ ഇത് തുടർന്നപ്പോൾ എനിക്ക് വളരെ വിഷമം ആയി. സൈറ്റിന്റെ ചാർജ്ജ് ആണെങ്കിൽ ബിബിനും കൊടുത്തു ! എനിക്ക് അവനോടും വലിയ അസൂയ ആയി ! എന്നെ സൂപ്പർവൈസർ ആക്കണമെന്ന് എംഡി പലതവണ ഞങ്ങളുടെ സൈറ്റിന്റെ പ്രൊജക്റ്റ് മാനേജരോട് പറയാറുണ്ടായിരുന്നു ! ഡിപ്ലോമക്കാരാണ് സാധാരണ സൂപ്പർവൈസർമാർ. എഞ്ചിനീയറായ ഞാനെങ്ങനെ സൂപ്പർവൈസറാവും, അതും സേഫ്റ്റി വിട്ട്, സിവിലിൽ ?! ഭാഗ്യത്തിന് ഞങ്ങളുടെ പ്രൊജക്റ്റ് മനേജ്ജർ എനിക്ക് സപ്പോർട്ട് നിന്നിരുന്നു. ഈ കാരണംകൊണ്ട് മാനേജ്മെന്റ് എന്നോട് പകരം വീട്ടുകയാണെന്ന് എനിക്ക് തോന്നി !

എന്നെ സൈറ്റിൽ നിന്ന് മാറ്റേണ്ട ചുമതല അജിത് സാറിനായിരുന്നതുകൊണ്ട് എനിക്ക് സാറിനോട് ദേഷ്യം തോന്നി തുടങ്ങി ! പുള്ളിയുടെ മതത്തിൽ പെടാത്ത ആളായത്കൊണ്ടാണ് എന്നോട് അവഗണന എന്നൊക്കെ ഞാൻ ചിന്തിച്ച് കൂട്ടി ! എന്തൊക്കെയോ ഈ കമ്പനിയിൽ ചീഞ്ഞുനാറുന്നുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു ! അതെന്താണെന്ന് കണ്ടെത്തുവാനും, പറ്റുമെങ്കിൽ കമ്പനിയെ രക്ഷപെടുത്താനും ഞാൻ തീരുമാനമെടുത്തു. ആയിടക്ക് അജിത് സാറ് ഞങ്ങളുടെ സൈറ്റിൽ വന്നു, എന്തോ കാര്യത്തിന് അജിത് സാറും മാമച്ചനും തമ്മിൽ ഉടക്കായി ! മതത്തിന്റെ പേരിലാണ് മാമച്ചനോടും അജിത് സാറിന് വിരോധം എന്ന് എനിക്ക് തോന്നി ! ഞാൻ മാമച്ചന്റെ പക്ഷം പിടിച്ചു, അകെപ്പാടെ ഒരു വർഗ്ഗീയ ചേരിതിരിവായി, ഈ ന്യൂസ് അതിവേഗം ഹെഡോഫീസിലും എത്തി ! എംഡിയുടെ ഭാര്യയുടെ അനിയത്തിയുടെ ഭർത്താവ് “മോൻസി” എന്ന ഒരു മനേജർ ഉണ്ട്, അനിയത്തിയുടെ പേരു “റീജ” എന്നാണ്. റീജ മാഡവും ഈ കമ്പനിയിൽ എംഡിയുടെ P.A ആയാണു ജോലി ചെയ്തിരുന്നത്. അജിത് സാറിനു പകരം മോൻസിയെ മാനേജർ ആക്കിയാൽ എന്താണ് എന്നൊക്കെ ഞാൻ ചിന്തിച്ചു ! പക്ഷെ കമ്പനിയെ ഒന്നു രക്ഷപ്പെടുത്തുക എന്നത് മാത്രമായിരുന്നു എന്റെ മൻസ്സിൽ. ഒന്നു രണ്ട് ദിവസത്തിനുള്ളിൽ ഹെഡോഫീസിൽ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു ! പ്രിയപ്പെട്ട H.R മനേജർ അനിതാ മാഡത്തെ പുറത്താക്കി എന്ന വാർത്തയാണ് പിന്നീട് അറിഞ്ഞത്, അത് മോൻസിയുടെ പാർട്ടി ചെയ്തതാണെന്ന് ഞാൻ ഊഹിച്ചു. ഏറെതാമസിയാതെ  കമ്പനിയിലെ മുഴുവൻ പേരും രണ്ട് ഗ്രൂപ്പുകൾ ആയി തിരിഞ്ഞു ! പുതുതായി വന്ന H.R മനേജറെ 2 ദിവസത്തിനുള്ളിൽ മറ്റേ ഗ്രൂപ്പും പുറത്താക്കി ! ആകെ പ്രശ്നമായി ! രണ്ട് ഗ്രൂപ്പും അങ്ങോട്ടും ഇങ്ങോട്ടും പുറത്താക്കാൻ ശ്രമം ആരംഭിച്ചു ! പരസ്പരം പുറത്താക്കുകയല്ല പെർഫൊർമൻസ് ഇമ്പ്രൂവ് ചെയ്യുകയാണ് വേണ്ടതെന്ന് എനിക്ക് മനസ്സിലായി ! ഹെഡോഫ്ഫീസിൽ ചെന്നാൽ എനിക്ക് എന്തെങ്കിലും ഒക്കെ ചെയ്യുവാൻ കഴിയും എന്നു ഞാൻ ചിന്തിച്ചു. ഇടക്ക് അജിത് സാർ ഞങ്ങളൂടെ സൈറ്റിൽ വന്നു, സാറിന്റെ മുഖത്ത് വളരെ വലിയ മ്ലാനത ഞാൻ ശ്രദ്ധിച്ചു, ഞാൻ സാറിന്റെ അടുത്ത് ചെന്ന് സാറിനെ വിഷ് ചെയ്തു. പക്ഷെ ഞാൻ അജിത് സാറിന്റെ ഗ്രൂപ്പിലേക്ക് മാറി എന്നാണ് അദ്ദേഹം തെറ്റിദ്ധരിച്ചത്. കുറച്ച് ദിവസം കഴിഞ്ഞ് ഞാൻ അജിത് സാറിനെ വീണ്ടും വിളിച്ചു, എതായാലും അടുത്ത ദിവസം എന്നെ ഹെഡോഫീസിലേക്ക് മാറ്റി !

എനിക്ക് അപ്പോൾ വലിയ സന്തോഷം തോന്നിയെങ്കിലും, വരാനിരിക്കുന്ന ഒരു വലിയ പ്രളയത്തിന്റെ ആരംഭം ആയിരുന്നു അതെന്ന് ഞാനറിഞ്ഞില്ല !

ഞാൻ ഹെഡോഫീസിലെത്തിയതും എല്ലാത്തിന്റേയും സെന്റർ ഓഫ് അട്രാക്ഷൻ ഞാനായി മാറി ! തങ്ങൾ ചെയ്യുന്നതാണ് ശരിയെന്ന് രണ്ട് ഗ്രൂപ്പ്കാരും എംഡിയെ തെറ്റിദ്ധരിപ്പിച്ച്കൊണ്ടിരുന്നു. കമ്പനി ശരിയാകുകയാണെങ്കിൽ ശരിയാകട്ടെ എന്ന് പുള്ളിയും വിചാരിച്ചു.

പുതിയ H.R മനേജർ ചാർജ്ജെടുത്തു, പുള്ളി മോൻസിയുടെ ഗ്രൂപ്പിൽ പെട്ടയാളാണ്, ആളൊരു പാവമായിരുന്നു, കോലഞ്ചേരിക്കാരനായിരുന്നു കക്ഷി, ഞാനുമായി ആൾ വലിയ കമ്പനിയായി, അജിത് സാറിനേപ്പറ്റിയുള്ള കുറേ കുറ്റങ്ങൾ പുള്ളി എന്നോട് പറഞ്ഞു, ഞാൻ അജിത് സാറിനെ വീണ്ടും തെറ്റിദ്ധരിച്ചു ! പക്ഷെ അത് ഒരു ചതിയായിരുന്നു, അന്ന് രാത്രി അജിത് സാറിന്റെമേൽ എന്തോ കുറ്റം ചാരി എംഡിയെക്കൊണ്ട് അതി കഠിനമായി ശാസിപ്പിച്ചു, അന്ന് രാത്രി മോൻസിയുടെ ഗ്രൂപ്പ്കാർ വളരെ സന്തോഷിക്കുന്നതും അജിത് സാറിന്റെ ഗ്രൂപ്പിൽ ഉള്ളവർ വളരെ ദുഖിച്ച് നടക്കുന്നതും ഞാൻ കണ്ടു ! എനിക്ക് ഇത് ചതിയാണെന്ന് മനസ്സിലായി, അജിത് സാറിനെ തട്ടിക്കളയുമോ എന്നുവരെ ഞാൻ പേടിച്ചു ! എങ്ങനെയെങ്കിലും അജിത് സാറിനെ രക്ഷപെടുത്തണമെന്ന് ഞാൻ ചിന്തിച്ചു. വേറെ വഴിയൊന്നുമില്ല, മോൻസി ഗ്രൂപ്പിന്റെ കാലുപിടിക്കുകതന്നെ, ഞാൻ അറിയാവുന്ന രീതിയിലൊക്കെ അവരോട് മാപ്പ് പറഞ്ഞു, പക്ഷെ അവർ കുലുങ്ങിയില്ല, പിറ്റെ ദിവസം അജിത് സാർ ഓഫീസിൽ വരുന്നില്ല, ഞാൻ അജിത് സാറിനെ വിളിച്ച് വരണമെന്ന രീതിയിൽ പറഞ്ഞു, ഏറെ താമസിയാതെ സാർ ഓഫീസിലെത്തി.

എംഡിയുടെ ബന്ധുക്കൾ ഒരുപാട് പേർ കമ്പനിയിൽ ഉണ്ടെങ്കിലും, കമ്പനിയുടെ പ്രധാന സ്ഥാനങ്ങളിൽ ഇരിക്കുന്നവരെല്ലാം പുറത്ത് നിന്ന് ഉള്ളവരാണ്. കാരണം വേറൊന്നുമല്ല, ബന്ധുക്കളെല്ലാം പാരവെപ്പുകാരാണ്, എംഡിക്ക് അവരെ വിശ്വാസവുമില്ല. ബന്ധുക്കൾ എല്ലാം കൂടി കമ്പനിയുടെ കണ്ട്രോൾ പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത് എന്ന് എനിക്ക് തോന്നി ! അജിത് സാറിന് മുൻപ് ഉണ്ടായിരുന്ന മനേജർമാരെയെല്ലാം ഇതേപോലെ ഇവർ പുറത്താക്കിയതാണെന്ന് ഞാൻ പിന്നീട് അറിഞ്ഞു. മോൻസി ഗ്രൂപ്പ് വീണ്ടും മറ്റേ ഗ്രൂപ്പിലെ ഓരോരുത്തരെയായി പുറത്താക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു, ഓരോരുത്തരുടെയും പേരിൽ കുറ്റം ചാരുമ്പോൾ ഞാൻ ചെന്ന് അവരെ രക്ഷെപ്പെടുത്തും ! ഇത് പതിവായി ! മോൻസിക്ക് ആരേയും പുറത്താക്കാൻ കഴിയുന്നില്ല, അതോടെ ഞാൻ അയാളുടെ കണ്ണിലെ കരടായി ! അതോടെ അയാൾ എന്നെ അബുദാബിയിലെ ഒരു സൈറ്റിലേക്ക് മാറ്റി ! അതോടെ അയാൾക്ക് പൂർണ്ണ സ്വാതന്ത്ര്യമായി എന്നാണ് അയാൾ വിചാരിച്ചിരുന്നത്, പക്ഷെ എന്തുകൊണ്ടോ പിന്നീട് പുറത്താക്കലുകൾ ഒന്നും നടന്നില്ല. ഞാൻ ആകെ മടുത്ത് പോയിരുന്നു. കമ്പനിയെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചിട്ട്, അവസാനം നശിപ്പിച്ചതുപോലെയായല്ലോ എന്ന് ഞാൻ വിഷമിച്ചു. പക്ഷെ കാര്യങ്ങൾ എന്റെ കൈവിട്ട് പോയിരുന്നു, എനിക്ക് ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല. അതിനിടക്ക് കമ്പനിയിലെ ഒരു തൊഴിലാളി ഹാർട്ട് അറ്റാക്ക് വന്നു മരിച്ചു, ഈ പ്രശ്നങ്ങൾ കരണമായിരുന്നു അത് എന്ന് ഞാൻ വിശ്വസിച്ചു. അത്രക്ക് പിരിമുറുക്കം ഉണ്ടായിരുന്നു എല്ലാവരിലും.  ഇതിനിടക്ക്, മോൻസിയുടെ ഉദ്ദേശം ശരിയല്ല എന്ന് മനസ്സിലാക്കി അയാളുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്ന പലരും മറ്റേ ഗ്രൂപ്പിലേക്ക് മാറി.

അബുദാബിയിലേക്ക് പോകുന്നതിനു മുൻപ് എംഡിയെ കണ്ട് അജിത് സാർ നിരപരാധിയാണെന്ന് പറയുവാൻ ഞൻ ആഗ്രഹിച്ചു. ഞാൻ എംഡിയെ കാണാൻ പോകുന്നതറിഞ്ഞ്, മോൻസിയുടെ ഗ്രൂപ്പുകാർ കാണാതിരിപ്പിക്കാനും മറ്റേ ഗ്രൂപ്പ് എങ്ങനെയെങ്കിലും കാണുവാൻ സൌകര്യം ഒരുക്കുവാനും ആവത് ശ്രമിച്ചു. രാവിലെ തന്നെ ശ്രമം തുടങ്ങിയിട്ട് എതാണ്ട് ഉച്ചയോടെയാണ് എല്ലാ തടസങ്ങളും നീങ്ങിയത്. ഞാൻ കണ്ട് അജിത് സാർ നിരപരാധിയാണെന്ന് ഒരു വിധത്തിൽ ധരിപ്പിച്ചു, പക്ഷെ മറ്റുള്ളതൊന്നും പറയാൻ കഴിഞ്ഞില്ല.

ഇതിനിടക്കാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്, ഞാൻ മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങളെല്ലാം ഞാൻ അരോടും പറയാതെ തന്നെ മോൻസി അങ്ങനെ തന്നെ മൻസ്സിലാക്കുന്നു !! ഞാൻ അയാളെപ്പറ്റി എന്തെങ്കിലും മോശമായി വിചാരിച്ച് പുറത്തേക്ക് ഇറങ്ങിയാൽ ദേഷ്യത്തോടെ അയാൾ നേരേ എന്റെ മുൻപിൽ ഉണ്ടാകും. അവർക്ക് എന്തോ അങ്ങനെ അതിമാനുഷികമായ കഴിവുണ്ടെന്ന് അവർ എന്നോട് പറഞ്ഞിട്ടുണ്ട്. പല അനുഭവങ്ങൾ ആയപ്പോൾ എനിക്കും അത് ശരിയാണെന്ന് തോന്നി.

ജീവിതത്തിൽ പരാജയങ്ങൾ മാത്രം എറ്റുവാങ്ങിയിട്ടുള്ള ഞാൻ അങ്ങനെ ഈ കാര്യത്തിലും പരാജയപ്പെട്ടു എന്ന് ഉറപ്പിച്ചു. ആകെ മടുത്ത് പോയ ഞാൻ റിസൈൻ ചെയ്യുവാൻ തന്നെ തീരുമാനിച്ചു. അബുദാബിയിലാണ് വർക്ക് എങ്കിലും ഞങ്ങൾ താമസിക്കുന്നത് അബുദാബിക്കും ദുബായ്ക്കും ഇടയിൽ കുറേ ദൂരം ഉള്ളിലേക്ക് കയറിയ ഒരു മരുഭൂമിയുടെ നടുക്കാണ് ! രത്രിയാവുമ്പോൾ ഒട്ടകങ്ങൾ ഞങ്ങളുടെ ക്യാമ്പിലേക്ക് വരുമായിരുന്നു ! ദുബായിൽ മരുഭൂമിയിൽ താമസ സൌകര്യമുള്ള ഏക കമ്പനി ഒരു പക്ഷേ ഞങ്ങളുടെ കമ്പനിയായിരുന്നു !!

ഞാൻ റിസൈൻ ചെയ്ത് ആഴ്ചകൾ കഴിഞ്ഞിട്ടും കമ്പനിക്ക് ഒരു കുലുക്കവും ഇല്ല, അവർ എന്നെ വിടാനുള്ള ഒരു ലക്ഷണവും ഇല്ല. ഞാൻ സൈറ്റിൽ പോകുന്നത് നിർത്തി രണ്ടു മാസത്തോളം ഹെഡോഫീസിൽ പോയി കുത്തി ഇരുന്നു, അവസാനം നിവ്രുത്തിയില്ലാതായപ്പോൾ ലേബർ ഓഫീസിൽ പോയി കേസ് കൊടുത്തു. അവർ കമ്പനിക്കാരോട് ലേബർ ഓഫീസിൽ ഹാജരാകാൻ പറഞ്ഞ് കൊണ്ട് ഒരു ലെറ്റർ കമ്പനിയിലേക്ക് കൊടുക്കാൻ തന്നു വിട്ടു. ഹാജരാകേന്റ ദിവസം ആയിട്ടും കമ്പനിയിൽ നിന്ന് ആരും ഹാജരായില്ല, അവർ വീണ്ടും മറ്റൊരു ഡേറ്റ് തന്നു. ഇത് ഒന്നു രണ്ട് തവണ തുടർന്നു, ഞാനാണെങ്കിൽ ശമ്പളം വാങ്ങിക്കുന്നില്ലാ എന്നതുകൊണ്ട് അധികകാലം എനിക്ക് പിടിച്ച് നിൽക്കുവാൻ കഴിയില്ല. ഞാൻ ഗതികെട്ട് വീണ്ടും എംഡിയെ ചെന്ന് കണ്ടു, കേസ് കൊടുത്തതിനാൽ പുള്ളീ ആകെ കലിപ്പിലായിരുന്നു. കേസ് പിൻവലിച്ചാൽ വിസ ക്യാൻസൽ ചെയ്തു തരാമെന്ന് പറഞ്ഞു, ഞാൻ അത് വിശ്വസിച്ചു, പക്ഷെ ആഴചകൾ കഴിഞ്ഞിട്ടും ഒരു അനക്കവുമില്ല, ഞാൻ വീട്ടിൽ പപ്പയെ വിളിച്ച് കാരങ്ങൾ പറഞ്ഞു, പപ്പ എംഡിയെ നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തി, രാഷ്റ്റ്രീയക്കാരെ ഇടപെടുത്തും എന്നും മറ്റും പറഞ്ഞു. പപ്പക്ക് രാഷ്റ്റ്രീയത്തിൽ കുറെ പിടിപാട് ഒക്കെയുണ്ട്. എന്തായാലും അത് ഫലിച്ചു !

ഞാൻ പുറത്താക്കലിനു കൂട്ട് നിൽക്കാത്തതിനാൽ മൊൻസി എന്നോട് വളരെ വൈരാഗ്യത്തിലാണ്. ഒരു ദിവസം മോൻസിയുടെ കൂടെയുള്ള ഒരാൾ വന്ന് എന്നോട് പറഞ്ഞു, “ഇന്ന് രാത്രി ക്രിത്യം 8:30ക്ക് നിന്നെ തട്ടും, രക്തം തുടച്ച് കളയാൻ വരെ ആളുകളെ ഏർപ്പെടുത്തിയിട്ടുണ്ട്”. ഞാൻ ആകെ ഭയന്നു പോയി ! എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യുവാനില്ല, അവരുടെ മടയിൽ തന്നെയാണ് ഞാൻ താമസിക്കുന്നത്. എന്തും വരട്ടെ എന്ന് കരുതി ! പക്ഷെ ഭാഗ്യം കൊണ്ട് ഒന്നും സംഭവിച്ചില്ല.

വിസ ക്യാൻസൽ ചെയ്യുമ്പോൾ കമ്പനി തന്നെയാണ് ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു തരേണ്ടത്, ഇവർ അതും പറഞ്ഞ് വീണ്ടും വൈകിക്കും എന്നതിനാൽ ഞാൻ തന്നെ ടിക്കറ്റ് എടുത്തു. ടിക്കറ്റ് കാണിക്കുവാനായി ഞാൻ ഞാൻ ഓഫീസിലെ H.R സെക്ഷനിൽ ചെന്നു, തിരികെപ്പൊരുമ്പോൾ ടിക്കറ്റ് എടുക്കാൻ മറന്നു. തിരികെ ചെന്ന് നോക്കുമ്പോൾ ടിക്കറ്റ് കാണുവാനില്ല, പലരോടും ചൊദിച്ചു. അവസാനം ഒരാൾ പറഞ്ഞു, എന്നെ കൊല്ലുമെന്ന് പറഞ്ഞയാൾ ടിക്കറ്റും എടുത്ത് പോകുന്നത് കണ്ടു എന്ന്. ഞാൻ അയാളെ ചെന്ന് കണ്ടു, അയാൾ പറയുകയാണ് ടിക്കറ്റെടുത്ത് അയാൾ മുനിസിപ്പലിറ്റിയുടെ വെയ്സ്റ്റ് ബിന്നിൽ ഇട്ടെന്ന് !  എന്റെ കയ്യിൽ വീണ്ടും ടിക്കറ്റ് എടുക്കാനുള്ള പൈസ ഒന്നും ഇല്ല. ഞാൻ ആകെ വിഷമിച്ചു, പക്ഷെ അയാൾ വന്ന് എന്നെ റ്റിക്കറ്റ് ടിക്കറ്റ് ഇട്ട വെയ്സ്റ്റ് ബിൻ കാണിച്ച് തന്നു. ഭാഗ്യത്തിന് ടിക്കറ്റിനു ഒന്നും പറ്റിയില്ലായിരുന്നു ! അയാൾ വൈരാഗ്യം കൊണ്ട് ചെയ്തതാണത് !

പക്ഷെ മോൻസി നിസ്സാരകാരനല്ലായിരുന്നു ! ഒരു പാട് പേരെ സ്വാധീനിക്കുവാനുള്ള കഴിവ് അയാൾക്ക് ഉണ്ടായിരുന്നു ! ഞാൻ സ്ഥിരം പോകാറുള്ള പള്ളിയിൽ ഞാൻ ഒരു ദിവസം ചെന്നപ്പോൾ ഞെട്ടി, അവിടെ ഉള്ളവരെല്ലാം ഈ കഥകളും പാടി നടക്കുകയാണ്. കാര്യങ്ങൾ വളരെ സെൻസിറ്റീവ് ആയതിനാൽ അയാൾക്ക് വളരെ വേഗം ആളെ കൂട്ടുവാൻ കഴിഞ്ഞു എന്നതാണ് യാദാർധ്യം ! നാട്ടിൽ ചെന്നാലെങ്കിലും ഈ പ്രശ്നങ്ങളിൽ നിന്നെല്ലാം രക്ഷ നേടാം എന്ന് ഞാൻ വിചാരിച്ചു, പക്ഷെ ഒരു ദിവസം അവർ എന്നോട് പറഞ്ഞു “ നിന്റെ വീട്ടുകാരെ ഞങ്ങൾ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്, നാട്ടിൽ ചെന്നാലും സമാധാനമായി ജീവിക്കുവാൻ കഴിയും എന്ന് വിചാരിക്കണ്ട എന്ന്” പക്ഷെ ഞാൻ അത് അന്ന് വിശ്വസിച്ചില്ല.

ഈ പ്രശ്നങ്ങളെല്ലാം ആളുകൾ സാംസാരിക്കുന്നത് ഒരു കോഡ് ഭാഷയിലാണ് എന്നതാണ് രസകരം. ദ്വയാർധം ഉള്ള വാക്കുകൾ ഉപയോഗിച്ചാണു സംസാരം മുഴുവൻ ! ഈ കഥയൊന്നും അറിയാത്തവർക്ക് അത് കേട്ടാൽ സാധാരണ സംസാരമാണെന്നേ തോന്നൂ, എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ടായിരുന്നെങ്കിലും കോഡ് ഭാഷ ഉപയോഗിച്ച് എന്തെങ്കിലൂം പറയുവാൻ എനിക്ക് അറിയില്ലായിരുന്നു, അതുകൊണ്ട് ആളുകളെ എന്തെങ്കിലും പറഞ്ഞ് മനസ്സിലാക്കുവാൻ ഞാൻ നന്നേ ബുധിമുട്ടി ! പക്ഷെ കമ്പനിയിലുള്ള ആളുകൾ എല്ലാവരും ഇതു ഉപയോഗിക്കുന്നതിൽ സമർധരായിരുന്നു !! എംഡിയും കൂട്ടരും പെന്തകോസ്ത് വിഭാഗത്തിൽ പെട്ടവരാണ്, അവർ പണ്ടു തൊട്ടേ ഈ കോഡ് ഭാഷ ഉപയോഗിച്ചിരുന്നവരാണ്. അതാണ് ഇതിന് ഇത്ര പ്രചാരം കിട്ടുവാൻ കാരണം !

 അവസാനം ഏറെ പ്രതീക്ഷയോടെ ഞാൻ നാട്ടിലേക്ക് വിമാനം കയറി. ഇവിടെ ഇറങ്ങിയപ്പോൾ കൊണ്ടുപോകാൻ വന്നിരിക്കുന്നത് ചാച്ചനും, പപ്പയും, മമ്മിയുമാണ്. ഇവിടെ പ്രശ്നങ്ങളൊന്നും ഉണ്ടകരുതേ എന്ന് പ്രാർധന ആയിരുന്നു. പക്ഷെ കാറിൽ കയറിയതും പപ്പയും ചാച്ചനും കൂടെ കോഡ് ഭാഷയിൽ അവിടെ ഉണ്ടായ ചില പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങി ! ഞാൻ ആകെ തകർന്നു പോയി ! അവർ അവിടെ വച്ച് പറഞ്ഞത് ഞാൻ ഓർത്തു, അവർ എന്തൊക്കെ നുണകളാണോ ഇവിടെ കാച്ചിയിരിക്കുന്നത് ! ഞാൻ ഈ കഥകളൊന്നും പപ്പയോടൊ മമ്മിയോടൊ വേറേ ആരെങ്കിലുമോടൊ പറഞ്ഞിട്ടില്ല, അതുകൊണ്ട് അവർ പറയുന്നത് ആളുകൾ വിശ്വസിക്കും. കുറെ ദിവസം കഴിഞ്ഞപ്പോൾ മനസ്സിലായി മോൻസിയും കൂട്ടരും ഇവിടെ പലരോടും എന്റെ കുറ്റങ്ങൾ ഉണ്ടാക്കി പറഞ്ഞ് ആളുകളെ സ്വാധീനിക്കാൻ നോക്കിയിട്ടുണ്ടെന്ന് ! ചില പള്ളികളിലൊക്കെ പ്രസംഗം എന്നെപറ്റിയാണ്, പൈസ കൊടുത്തോ എങ്ങിനെയൊക്കെയോ കാര്യമായി പള്ളിക്കാരെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഞാൻ ചിന്തിച്ചു ! ആരും എനിക്ക് സപ്പോർട്ടില്ല, പപ്പയും മമ്മിയും, അനിയനും, പല ബന്ധുക്കളും അവർക്ക് അനുകൂലമായിട്ടാണ് സംസാരിക്കുന്നത് ! ഇതിൽ പെടാത്തവർ വായ് തുറക്കുന്നുമില്ല !

മോൻസിയും കൂട്ടരും ഇവിടെ എന്റെ പേരു പറഞ്ഞ് വർഗ്ഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി ! അവർ അവിടെ വളരെ സേഫ് ആണല്ലോ, ഞാനല്ലേ പെടുന്നത് ?! ദിവസങ്ങൾ കഴിയുംതോറും സ്ഥിതി വളരെ മോശമായി വരുകയാണ്, ഇവിടെയുള്ള പലയാളുകൾക്കും സത്യം അറിയില്ല, ആരോക്ക്ക്കെയോ പറഞ്ഞ് കേട്ട കാര്യങ്ങൾ മാത്രമേ അറിയൂ. കോതമംഗലത്തും മറ്റും ചെന്നാൽ എപ്പോഴും എന്റെ പിറകേ പോലീസ് ഉണ്ടാകും ! എന്നും കുറെ പുതിയ പുതിയ തീപ്പോരികൾ ഉണ്ടാക്കുവാൻ ശ്രമിക്കുകയാണ് !

 റോഡിലേക്ക് ഇറങ്ങിയാലാണ് ഏറ്റവും ഭീകരം, ഞാൻ സ്കൂട്ടറുമായി മെയിൻ റോഡിലേക്ക് കടക്കുന്നതും KL -3 (പത്തനംതിട്ട) (എംഡിയും ബന്ധുക്കളും പത്തനംതിട്ടക്കാരാണ്) രജിസ്ട്രേഷൻ ഉള്ള ഒരു കാർ മുൻപിലായും മറ്റ് കുറേ കാറുകൾ പുറകിലായും ഘോഷയാത്ര തുടങ്ങും !! (അവരുടെ കാറാണ് എന്ന് എന്നെ മനസ്സിലാക്കി തരുവാനായിരിക്കും അവർ പത്തനംതിട്ട രെജിസ്ട്രേഷനുള്ള കാർ ഉപയോഗിക്കുന്നത് ) എന്നെ ഭയപ്പെടുത്തുകയാണ് ഉദ്ദേശം ! എന്റെ പിറകിലൂടെ അതിഭീകരമായി ഹോൺ മുഴക്കിക്കൊണ്ടിരിക്കും, എത്ര കടത്തിവിടാൻ ശ്രമിച്ചാലും അവർ കടന്ന് പോകുകയില്ല, എല്ലാ ദിവസവും ഇതാണ് കഥ ! അങ്ങനെ ഇത് 8 വർഷത്തോളം തുടർന്നു, ഇടക്ക് ഒരു ദിവസം  കാറുകൊണ്ട് എന്നെ ഇടിച്ചിടുകയും ചെയ്തു ! എനിക്ക് ഇവരുടെ കാറുകൾ കാണുന്നത് തന്നെ ഭയമായി ! പ്രധാന റോഡുകൾ വിട്ട് പോക്കറ്റ് റോഡുകളിലൂടെയായി പിന്നീട് സഞ്ചാരം ! പക്ഷെ എന്നിട്ടും രക്ഷയില്ല, അച്ചായന്മാരെ മുഴുവൻ ഇവർ പാട്ടിലാക്കിയതായി എനിക്ക് തോന്നി ! മാരുതി കാറുകൾ മാത്രം കണ്ടിട്ടൂള്ള എന്റെ നാട്ടുകാരുടെ കണ്മുന്നിലൂടെ ബെൻസും BMWഉം ഒക്കെ ചീറി പായുവാൻ തുടങ്ങി. എന്റെ വീട് ഒരു കനാലിനു അരികിലാണ്, ആ കനാൽ ബണ്ടിലൂടെ എന്നും ബെൻസ് കാറുകൾ വരുവാൻ തുടങ്ങി, വഴിയിൽ ഒരു മനുഷ്യനോ വാഹനമോ ഇല്ലെങ്കിലും എന്റെ വീടിനു മുൻപിൽ എത്തുമ്പോൾ ഇവർ ഭീകരമായി ഹോൺ അടിക്കും ! എന്നും ഇതായി സ്ഥിതി !
മെട്രിക്സ് സിമിനയെ വെല്ലുന്ന രീതിയിലായിരുന്നു ഓരോ ദിവസവും ! മോൻസി അയാളുടെ ശക്തി കാണിക്കുവാൻ ശ്രമിക്കുകയാണ് ! എന്നോട് ഇയാൾക്ക് എന്താണ് ഇത്രക്ക് വൈരാഗ്യമെന്ന് എനിക്ക് ഇനിയും മനസ്സിലായിട്ടില്ല !

ദിവസം തുടങ്ങുന്നതു മുതൽ കഴിയുന്നത് വരെ അതി ഭീകരമായ മാനസ്സിക സംഘർഷമാണ്, ഏത് നിമിഷം വേണമെങ്കിലും കൊല്ലപ്പെടാം എന്നതായിരുന്നു അവസ്ത ! പക്ഷെ എനിക്ക് എനിക്ക് എന്റെ ജീവനേക്കാളേറേ പേടി, ഇവർ നാട്ടിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കി നാട്ടുകാരെ കൊല്ലിക്കുമോ എന്നതായിരുന്നു ! ഷുഗർ വരുമെന്ന് അന്ന് ഏനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു, മാനസിക സംഘർഷമാണല്ലോ പലപ്പോഴും ഷുഗർ ഉണ്ടാവാൻ കാരണം !

പക്ഷെ ഇതിനേക്കാളേറെ എന്നെ വിഷമിച്ചത് ഞാൻ കാരണം ഒരാൾ മരണപ്പെട്ടല്ലോ എന്നതായിരുന്നു, വർഷങ്ങളോളം എനിക്ക് ആ കുറ്റബോധം ഉണ്ടായിരുന്നു, പക്ഷെ മോൻസിയുടെ ഈ ആക്രമണങ്ങൾ കണ്ടപ്പോൾ മനസ്സിലായി കുറ്റം എന്റേതല്ല അയാളുടെതാണെന്ന്. എന്നെ സപ്പോർട്ട് ചെയ്യാത്തതിനു മമ്മിയേയും പപ്പയേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർക്കൊക്കെ മോൻസിയേയും കൂട്ടരേയും ഭയമായിരുന്നു, അവരുടെ കാറുകൾ കണ്ടാൽ ഉടൻ, പപ്പ സ്കൂട്ടർ ഓടയിൽ ഇറക്കി നിർത്തുമായിരുന്നു ! അത്രക്ക് പേടിയായിരുന്നു അവരെ. ഇതൊക്കെ കണ്ട് പൊറുതി മുട്ടിയപ്പോൾ ഞാനും തിരിച്ച് ചെയ്യുവാൻ തുടങ്ങി, ഫോളൊ ചെയ്തിരുന്ന കാറുകളെ ഞാൻ സ്കൂട്ടർ കൊണ്ട് ഇടിപ്പിച്ചു ! എന്റേത് വെറും പാട്ട സ്കൂട്ടറാണ്, അവരുടേത് വിലപിടിപ്പുള്ള കാറുകളും ! അതുകൊണ്ട് എനിക്ക് ഒന്നും നഷ്ടപ്പെടുവാനില്ല ! ഇങ്ങനെയൊക്കെ ചെയ്തപ്പോൾ കുറച്ചൊക്കെ ആക്രമണം കുറഞ്ഞു !

പക്ഷെ കേരളത്തിന് അകത്ത് മാത്രമല്ലായിരുന്നു പ്രശ്നങ്ങൾ, ഞാൻ ഇന്റർ വ്യൂവിന് കേരളത്തിന് പുറത്ത് പോയപ്പോഴൊക്കെ അവിടെയും പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ ഇയാൾ ശ്രമിച്ചു, ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് ! മോൻസി ഇത്രക്ക് ഭീകരനായി വളർന്നതോടെ അയാൾ മറ്റേ ഗ്രൂപ്പിൽ ഉള്ളവരേയും ഭീകരമായി ആക്രമിക്കുവാൻ തുടങ്ങി ! പലരേയും കള്ളക്കേസിൽ കുടുക്കി ! കുട്ടികളെ വരെ ബലാത്സംഗം ചെയ്തെന്നാണ് ഞാൻ അറിഞ്ഞത് ! ഇതെല്ലാമായതോടെ ഞാൻ മറ്റേഗ്രൂപ്പുകാരോട് ഒത്ത് പ്രവർത്തിക്കാൻ ശ്രമിച്ചു.
വീട്ടിൽ എല്ലാവരും അയാൾക്ക് അനുകൂലമായി സംസാരിച്ചിരുന്നതുകൊണ്ട് ഞാൻ എന്നും വീട്ടിൽ ഉടക്കായിരുന്നു ! ഒരു ദിവസം പപ്പയുമായി ഉന്തും തള്ളുമായി, മോൻസിയും കൂട്ടരും എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞ് നടന്നിരുന്നു, ഇത് അവർക്ക് ഒരു അവസരമായി, അവർ പറഞ്ഞ് കൊടുത്തിട്ടൊ എന്തോ പപ്പയും കുറെ ചാച്ചന്മാരും കൂടി എന്ന കയ്യും കാലും കൂട്ടിക്കെട്ടി മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഇട്ടു. അന്ന് രണ്ട് ചാച്ചൻമാരുടെ കണ്ണീൽ കണ്ട പക ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ഹോസ്പിറ്റലിൽ അടച്ചിട്ട മുറിയിൽ കുറെ മാസങ്ങളൊളം കഴിയേണ്ടി വന്നു ! അന്ന് കുറെ നാട്ടുകാരൊക്കെ ഓടിക്കൂടിയിരുന്നു, ആരും പപ്പയേയും കൂട്ടരേയും തടഞ്ഞില്ല. ഇന്നും എനിക്ക് മാനസ്സിക അസുഖമാണെന്ന് പറഞ്ഞ് വരുന്ന കല്യാണങ്ങളൊക്കെ നാട്ടുകാർ മുടക്കുന്നുണ്ട് ! അവരോട് ഒരു തെറ്റും ചെയ്യാത്ത എന്നോട് അവർ ഇത് എന്തിനു ചെയ്യുന്നു എന്ന് എനിക്ക് ഇനിയും മനസ്സിലായിട്ടില്ല !

ആയിടക്ക് ഞങ്ങളുടെ അമ്പലത്തിൽ ഉത്സവത്തിന് ആന ഇടഞ്ഞിരുന്നു, ഇത് അയാൾ എന്തെങ്കിലും ചെയ്തതാണോ എന്ന് ഞാൻ സംശയിച്ചു ! മറ്റേ ഗ്രൂപ്പിൽ ഉള്ളവരൊക്കേ എന്നോട് മോൻസിക്ക് പകരം വീട്ടണം എന്ന് പറഞ്ഞുകൊണ്ടിരുന്നു !

പക്ഷേ ഇത്രക്ക് സ്വാധീനശക്തിയുള്ള ഒരാളോട് പകരം വീട്ടാൻ എനിക്ക് ധൈര്യം പോരായിരുന്നു. എന്റെ കൂടെ നിൽക്കാതെ, ആയാളുടെ പക്ഷം ചേർന്ന എന്റെ മതത്തിൽ പെട്ടവരോട് എനിക്ക് വെറുപ്പ് തോന്നി, പണം ഉള്ളയാളുടെ കൂടെ അവർ ചെർന്നു എന്ന് ഞാൻ ചിന്തിച്ചു, ഞാൻ പതുക്കെ പതുക്കെ ഹിന്ദുമതത്തിലേക്ക് അക്രുഷ്ടനായി . . ധൈര്യം കിട്ടാൻ ഭഗവദ് ഗീത മുഴുവനായി വായിച്ചു ! അങ്ങനെ കുറേ ധൈര്യം ഒക്കെ സംഭരിച്ച് രണ്ടാമത് ദുബായിൽ പോയപ്പോൾ അയാളോട് പകരം വീട്ടി ! അവരെ നാണം കെടുത്തുന്ന ഒരു കാര്യമാണ് ചെയ്തത് ! തങ്ങൾ അജയ്യരാണെന്ന് വിചാരിച്ചിരുന്നർ അങ്ങനെ ആദ്യമായി പരാജയം അറിഞ്ഞു ! അവർ സമാധാന മീറ്റിംഗിനു സമ്മതിച്ചു, പ്രശ്നങ്ങൾ എല്ലാം തീർത്ത് സമാധാനപരമായാണ് അവിടെ നിന്ന് പിരിഞ്ഞത് ! 

ഞാൻ വിശ്വസിച്ചിരുന്ന ക്രിസ്ത്യൻ ദൈവത്തോട് വർഷങ്ങൾ കരഞ്ഞപേക്ഷിച്ചെങ്കിലും ദൈവം എന്നോട് ഒരു കരുണയും കാണിച്ചില്ല എന്ന് എനിക്ക് തോന്നി, ദൈവത്തിനു മോൻസിയോടാണ് കൂറ് എന്നെനിക്ക് പലപ്പോഴും തോന്നിയുട്ടുണ്ട്. ഇതുകാറണവും കുറ്റബോധവും കൊണ്ടാണ് ഞാൻ ഹിന്ദുമതതിൽ വിശ്വസിച്ച് തുടങ്ങിയത്. ദുബായിൽ വച്ച് അവിടത്തെ അമ്പലത്തിൽ സ്ഥിരമായി പോകുമായിരുന്നു. സമാധാനത്തെപ്പറ്റി വളരെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ശാന്തി എന്താണെന്ന് അനുഭവിച്ചത് അവിടെ അമ്പലത്തിൽ പോയപ്പോഴാണ്. ഹിന്ദു മതതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വച്ചാൽ ഹിന്ദുമതത്തിൽ വിശ്വസിക്കുന്നവർക്ക് എല്ലാ മതത്തേയും അംഗീകരിക്കാൻ കഴിയും എന്നതാണ്. റംസാന്റെ സമയത്ത് ഞാൻ അവിടെ മുസ്ലീം പള്ളി നടത്തുന്ന നുയമ്പ് മുറിയിലും പങ്കെണ്ടുക്കാറുണ്ട് ! എല്ലാം കഴിഞ്ഞ് തിരികെ വന്നതിന് ശേഷവും കുറേ നാൾ കുറച്ച് പ്രശ്നങ്ങൾ ഒക്കെ ഉണ്ടായെങ്കിലും, പിന്നീട് അതെല്ലാം അവസാനിച്ചു !

പക്ഷെ അതോടെ ഞാൻ ജീവിതത്തിൽ നിന്ന് ഒരുപാട് പാഠങ്ങൾ പഠിച്ചു ! ജീവന്റെ വില എന്താണെന്ന് ഞാൻ മനസ്സിലാക്കി ! അതിൽ പിന്നെ ആരേയും വേദനിപ്പിക്കതിരിക്കാനും എല്ലാവരേയും സ്നേഹിക്കാനും ഞാൻ ഒരുപാട് ശ്രമിക്കാറുണ്ട്. മനപ്പൂർവ്വമല്ലെങ്കിലും, എന്റെ ഒരു ദുർബല നിമിഷത്തെ ചിന്തകൊണ്ടുണ്ടായ ഭവിഷ്യത്തുക്കളാണല്ലോ ഇതെല്ലാം ! തെറ്റ് ചിന്തിക്കുന്നതുപോലും വലിയ വിനാശമാണെന്ന് ഇന്നെനിക്കറിയാം  . .

പപ്പയൊക്കെ പറയുന്നത് ഇതൊക്കെ എനിക്ക് വെറുതേ തോന്നിയതാണെന്നാണ്, പക്ഷെ ഞാൻ അനുഭിച്ച കാര്യങ്ങളൊക്കെ എങ്ങനെയാണ് ഞാൻ തോന്നിയതാണെന്ന് മനസ്സിനെ വിശ്വസിപ്പിക്കുന്നത് ?!