ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Wednesday, December 13, 2023

എന്തുകൊണ്ട് കല്യാണം ദുരന്തം ആണെന്ന് ആളുകൾ പറയുന്നു ?!

സത്യത്തിൽ ഞാൻ എപ്പൊഴും ചിന്ദിക്കാറുണ്ട് കല്യാണം കഴിയുമ്പോഴേക്കും എന്തുകൊണ്ടാണ് ആളുകൾ ഭാര്യയേയും, കല്യാണത്തെയും കുറ്റം പറഞ്ഞ് തുടങ്ങുന്നത് എന്ന്.

വിവാഹത്തിലൂടെ ജീവിതകാലം മുഴുവനും സ്നേഹിക്കാനും, സംസാരിക്കാനും, കൂട്ടുകൂടാനും, വിഷമങ്ങൾ പങ്ക് വക്കാനും, കെട്ടിപിടിച്ച് കരയാനും, ചിരിക്കാനും ഒക്കെയായി ഒരാളെ കിട്ടുകയാണ് എന്നന്നേക്കുമായി.

പക്ഷെ മിക്കവാറും കുടുംബങ്ങളിൽ കണ്ടിട്ടുള്ളത് ഇതിനൊന്നും പുല്ലു വിലപോലും കൽപ്പിക്കാതെ ഭാര്യയെ പരസ്യമായി കണക്കറ്റ് കളിയാക്കുന്നതും, പുച്ഛിക്കുന്നതും, പരിഹസിക്കുന്നതും അവൾ ചെയ്യുന്നത് ഒന്നും കണ്ടില്ലാ എന്ന് നടിക്കുന്നതും ഒക്കെയാണ്.

ഇതിന് പ്രധാന കാരണം ആണിന്റെ സൈക്കോളജി തന്നെയാണെന്നാണ് ആണിന്റെയും പെണ്ണിന്റെയും സൈക്കോളജി പഠിച്ചതിൽ നിന്നും എനിക്ക് മനസ്സിലായത്. ആണിന് എപ്പൊഴും ഒരു സുപ്പീരിയോറിട്ടി കോംപ്ലക്സ് ഉണ്ട്. താൻ എന്തോ വലിയ സംഭവം ആണെന്നും, പെണ്ണ് തന്നെക്കാൾ അധമയായ ഒരു വ്യക്തി ആണെന്നും, താൻ പറയുന്നത് എല്ലാം അവൾ കേൾക്കണം അനുസരിക്കണം പക്ഷെ അവൾ പറയുന്നത് എല്ലാം താൻ കേൾക്കേണ്ടതില്ല എന്നൊക്കെ ആയി. അതിനാൽ തന്നെ ഒട്ടുമിക്ക പുരുഷന്മാർക്കും പെണ്ണിനോട് മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു പുച്ഛം ഉണ്ട്, ഇവൾ ഒക്കെ ഇത്രയേ ഉള്ളൂ എന്ന്. ഇത് സമൂഹവും അരക്കെട്ട് ഇട്ട് ഉറപ്പിക്കുന്നു.

കല്യാണം കഴിയുന്നതോടെ ഈ കോംപ്ലക്സ് സടകുടഞ്ഞ് എഴുന്നേൽക്കുക ആയി. അതോടെ അവളെ അടക്കി ഭരിക്കാനും, കീഴടക്കാനും ശ്രമം തുടങ്ങുക ആയി. ഇതാണ് സ്ഥിരമായ വഴക്ക് പറയലിലേക്കും, പരിഹസിക്കലിലേക്കും, പുച്ഛത്തിലേക്കും പിന്നീട് മർദ്ദനത്തിലേക്കും, കൊലപാതകത്തിലേക്കും വരെ നയിക്കുന്നത്.

ഒരു ഭാര്യ യദാർത്ഥത്തിൽ ഭർത്താവിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നുണ്ട് വീട്ടിൽ. ഭർത്താവ് ജോലിക്ക് പോകുകയും സാധങ്ങൾ വാങ്ങുകയും മാത്രമേ ചെയ്യുന്നുള്ളൂ, പക്ഷെ മിക്കവാറും ഭാര്യമാർ ഇത് രണ്ടും കൂടി ചെയ്യുന്നു കൂടാതെ അവൾ ഭക്ഷണം പാകം ചെയ്യുന്നു, തുണി അലക്കുന്നു, കുട്ടികളെ നോക്കുന്നു, വീട് വൃത്തിയാക്കുന്നു അങ്ങനെ എത്ര അധികം കാര്യങ്ങൾ കൂടുതൽ ചെയ്യുന്നു. കൂടാതെ പ്രസവത്തിനായി എത്രനാൾ അവൾ കുട്ടിയെ ഉദരത്തിൽ ചുമന്ന് അസ്വസ്ഥത അനുഭവിക്കുന്നു, പിന്നീട് മരണ വേദന എടുത്ത് കുട്ടിയെ പ്രസവിക്കുന്നു. പിന്നീട് അവളുടെ ഉറക്കം പോലും മാസങ്ങളോളം കളഞ്ഞ് കുഞ്ഞിന് പാല് കൊടുക്കുന്നു.

ഇതൊന്നും ഓർക്കാതെ അവളുടെ നിസ്സാര തെറ്റുകളും അബദ്ധങ്ങളും പെരുപ്പിച്ച് കാണിച്ച് അവളെ രണ്ടാ തരാം പൗര ആക്കുവാൻ ശ്രമം തുടങ്ങുമ്പോഴാണ് കുടുംബത്തിലെ സ്വസ്ഥത കീഴ്മേൽ മറിയുന്നത്. കാരണം അപ്പോൾ പല ഭാര്യമാരും ദേഷ്യം പ്രകടിപ്പിക്കാൻ തുടങ്ങും, ചെറുത്ത്‌ നിൽക്കാൻ തുടങ്ങും, ചിലർ സന്തോഷം നഷ്ടപ്പെട്ടു സ്വയം വെറുത്ത് തുടങ്ങും അതോടെ അത് കുട്ടികളെയും ക്രമേണ ഭർത്താവിനെയതും ബാധിച്ച് തുടങ്ങും. അതോടെ അതിന്റെ മൂല കാരണം മനസ്സിലാക്കാൻ ശ്രമിക്കുന്നതിന് പകരം ഭർത്താക്കന്മാർ കൂടുതൽ കൂടുതൽ ഭാര്യയോട് ദെഷ്യപ്പെട്ടും ശകാരിച്ചും അവളെ വരുതിയിൽ നിർത്താൻ ശ്രമിക്കും. ഇതോടെ കുടുംബം ഒരു പൊട്ടിത്തെറിയിൽ എത്തും. ഇങ്ങനെ മിക്ക കുടുംബങ്ങളും ഒരു പൊട്ടിത്തെറിയുടെ വക്കിലാണ് എന്നാണ് ഒരുപാട് വിവാഹം കഴിഞ്ഞ ആളുകളോട് സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായത്. പല ഭാര്യമാരും സഹിച്ച് മുന്നോട്ട് പോകുന്നത് മൂലം ഡൈവോഴ്സ് ആകാതെ പോകുന്നു എന്ന് മാത്രം. പക്ഷെ ചില ഭാര്യമാർ ധൈര്യം സംഭരിച്ചു ഡൈവോഴ്സ് വാങ്ങിക്കുന്നു. ഇതോടെ ഭാര്യയും കല്യാണവും ഒരു ദുരന്തമാണെന്ന് ഭർത്താക്കന്മാർ ലോകം മുഴുവനും പാടി നടക്കുന്നു.

ഇതാണ് യദാർത്ഥത്തിൽ സംഭവിക്കുന്നത് എന്നാണ് അനേകരുടെ ജീവിതത്തിൽ നിന്നും എന്റെ സ്വന്തം വീട്ടിലെ അനുഭവത്തിൽ നിന്നും എനിക്ക് മനസ്സിലായത്. അപ്പോൾ ആദ്യം വേണ്ടത് ഈഗോ എന്ന രണ്ടക്ഷരം ജീവിതത്തിൽ നിന്ന് എടുത്തു കളയുകയാണ്. കുറെ പേർ ഭാര്യയെ കളിയാക്കുന്നതും പുച്ഛിക്കുന്നതും കണ്ട്, നിങ്ങളും അങ്ങനെ ചെയ്യേണ്ടതില്ല. നിങ്ങളുടെ ജീവിതം സമാധാന പോർണ്ണമാകുകയാണ് നിങ്ങൾക്ക് വേണ്ടത്. ഈഗോയും സുപ്പീരിയോരിറ്റി കോപ്ലക്‌സും ഉള്ളയിടത്ത് സ്നേഹവും സമാധാനവും ഒരിക്കലും ഉണ്ടാവില്ല എന്ന് മനസ്സിലാക്കുക. ഇത് രണ്ടും ഇല്ലാത്ത കുടുംബങ്ങൾ വളരെ മനോഹരമായി പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.