ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Monday, December 3, 2018

ഒരു എന്തിരൻ കദനകഥ !


എന്തിരൻ 2.0 കാണുവാൻ വേണ്ടി എന്നത്തേയും പോലെ സ്ഥിരം സങ്കേതമായ ലുലുമാളിൽ എത്തിയതായിരുന്നു ! എന്തിരൻ 1 പണ്ട് കണ്ട് ഇഷ്ടപ്പെട്ടതുകൊണ്ട് നല്ല പ്രതിക്ഷ ഉണ്ടായിരുന്നു, ഹോളിവുഡിനോട് കിടപിടിക്കുന്ന രീതിയിൽ എന്നാൽ മാനുഷീക പരിഗണനകൾ കൂടി ഉൾപ്പെടുത്തി, നമ്മൾ ഇൻഡ്യക്കാർ ചെയ്ത പടമല്ലേ . . . കൂടാതെ വിഷ്വൽ എഫക്റ്റ്സിനെ പറ്റിയും, 3D എഫക്റ്റ്സിനെപറ്റിയും പടം കണ്ട ഓഫീസിലുള്ളവർ പറഞ്ഞിരുന്നു.

ചെല്ലുമ്പോൾ തന്നെയുള്ള ഫോർമാലിറ്റികളെല്ലാം പൂർത്തിയാക്കി (!) ബുക്ക് ചെയ്ത ഓഡിറ്റോറിയം -9 നു മുൻപിൽ ചെന്ന് മുകളിൽ ഡിസ്പ്ലെയിലെക്ക് നോക്കി ! അവിടെ എഴുതിക്കാണിക്കുന്നത് കണ്ട് ഞാൻ അമ്പരന്നു ! 3D ക്ക് പകരം അവിടെ 2D എന്ന് എഴുതി വച്ചിരിക്കുന്നു !! 450 രൂപയോളം മുടക്കി ബുക്ക് ചെയ്ത ടിക്കറ്റാണ് ! BookMyShow ൽ ബുക്ക് ചെയ്യുന്ന സമയത്ത് ഗോൾഡ് സീറ്റുകൾ മാത്രമാണ് അവൈലബിലിറ്റി കാണിച്ചത്. മറ്റ് സീറ്റുകൾ ഒന്നും കാണിക്കുകയേ ഉണ്ടായിരുന്നില്ല ! ചാർജ് കൂടിയ മുകളിലത്തെ സീറ്റുകൾ ആയിരിക്കുമെന്ന് അപ്പോൾ കരുതി, വേറെ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് അതു തന്നെ ബുക്ക് ചെയ്യുകയും ചെയ്തു. പക്ഷേ 3D എന്ന് എഴുതി കാണിക്കാതിരുന്നത് അപ്പോഴേ ചെറിയ കൺഫ്യൂഷൻ ഉണ്ടാക്കിയിരുന്നു. പക്ഷേ ഈ പടം 3Dയിൽ മാത്രമേ കാണൂ എന്ന് കരുതി, PVR ആയതുകൊണ്ട് പ്രത്യേകിച്ചും !

കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയത് പോലെ ആയി ! എന്തായാലും ഷർട്ടിൽ PVR സ്റ്റിക്കർ ഒട്ടിച്ച ബ്ലാക്ക് അൻഡ് ബ്ലാക്ക് യൂണിഫോമിലുള്ള അണ്ണനോട് ഒന്ന് ചോദിച്ച് നോക്കാൻ തീരുമാനിച്ചു ! അപ്പോഴാണ് അണ്ണൻ ആ സത്യം പറയുന്നത്, ഓഡിറ്റോറിയം 8 ഉം 9 ഉം ഗോൾഡ് സീറ്റുകൾ മാത്രമേ ഉള്ളൂ എന്ന് ! അവിടെ 2D മാത്രമേ ഉണ്ടാവൂ എന്നും !! ഇത്രയും കാശ് വാങ്ങിയിട്ട് 2D കാണിക്കുന്നത് എന്ത് ഏർപ്പാടാണെന്ന് ചോദിച്ച് നോക്കിയെങ്കിലും അണ്ണന്റെ ഒരു ദയനീയ നോട്ടം മാത്രമായിരുന്നു മറുപടി ! പക്ഷെ അണ്ണൻ മറ്റൊരു കാര്യം കൂടെ പറഞ്ഞു, വേറെ കുറെ ഓഡിറ്റോറിയംകളിലും എന്തിരൻ 2.0 ഉണ്ടെന്നും അതൊക്കെ 3D ആണെന്നും !

അത് കേട്ടതും ഞാൻ കൌണ്ടറിലേക്ക് ഓടി ! ഇപ്പോൾ ഏതിലെങ്കിലും എന്തിരൻ 2.0 സ്റ്റാർട്ട് ചെയ്യുന്നുണ്ടോ അതിൽ സീറ്റ് ഉണ്ടൊ എന്ന് ചോദിച്ചു, ഈ ടിക്കറ്റ് ക്യാൻസൽ ചെയ്ത് വേറേ എടുക്കാം എന്നായിരുന്നു എന്റെ കുരുട്ടു ബുദ്ധി !! പക്ഷേ അതും പരാജയപ്പേട്ടു ! എല്ലാം ഹൌസ് ഫുൾ ആണെന്നായിരുന്നു മറുപടി !

കേട്ടിടത്തൊളം 3D എഫക്റ്റ്സ് ഇല്ലാതെ ഈ പടം കാണുന്നത് വെറും വേസ്റ്റ് ആയിരിക്കുമെന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞ് എന്നെ തളർത്തിക്കൊണ്ടിരുന്നു !

ഏതായാലും ഷോയുടെ സമയമായ 4:15 ആയി, ഞാൻ മനസ്സില്ലാ മനസോടെ തീയറ്ററിൽ കയറി ! പക്ഷെ അകത്ത് കയറിയതും ഞാൻ ഞെട്ടി ! മസ്സാജിങ്ങ് ചെയർ പോലെയുള്ള വമ്പൻ കുഷ്യൻ ചെയറുകൾ ! ഓരോ സീറ്റിനടുത്തായും റീഡിംഗ് ലൈറ്റ് പോലെയുള്ള ലൈറ്റുകൾ ! ഫ്ലൈറ്റിൽ ഉള്ളതു പോലെ ഭക്ഷണം വച്ച് കഴിക്കാനുള്ള സ്ലൈഡ് ചെയ്യാവുന്ന സംവിധാനങ്ങൾ ! (താഴെ ഫോട്ടൊയിലുണ്ട്!). ഭക്ഷണത്തിനുള്ള മെനു കാർഡ് ഓരോ സീറ്റിലും ! പക്ഷെ മെനുവിലെ വില കണ്ടാൽ പിന്നെ മെനു തുറക്കാനേ തൊന്നില്ലെന്ന് വേറേ കാര്യം !! ഓരോ സീറ്റിലും PVR എന്ന് എഴുതി എന്തോ ചുരുട്ടി വച്ചിരിക്കുന്നത് കണ്ടു ! ടൌവ്വലോ മറ്റോ ആയിരിക്കുമെന്ന് കരുതി ഞാൻ ആദ്യം അത് തൊട്ടതേയില്ല ! സിനിമാ തീയറ്ററിലല്ലേ ടൌവ്വൽ കൊണ്ട് വച്ചിരിക്കുന്നത് !!

സീറ്റിൽ ഇരുന്നതും നാലു ബട്ടനുകൾ എന്റെ ശ്രദ്ധയിൽ പെട്ടു ! അതിൽ ഒരു ബട്ടനിൽ അമർത്തിയതും എന്റേ രണ്ട് കാലുകളോട് കൂടി ചെയറിന്റെ താഴത്തെ ഭാഗം മുകളിലേക്ക് പൊതിവന്നു, ചെയർ ആകമാനം സ്വയം റീ അഡ്ജസ്റ്റ് ആയി !! ഇരിക്കുന്ന കസേര ഇപ്പോൾ കിടക്കുന്ന കസേര ആയി !! എതാണ്ട് ബീച്ചിലും മറ്റും സായിപ്പന്മാർ വെയിൽ കായാൻ കിടക്കുന്ന കസേര പോലെ !! കുറേ കഴിഞ്ഞ് ഞാൻ മറ്റുള്ള സീറ്റ്കളിലേക്ക് നോക്കിയപ്പോഴാണ് ആ രഹസ്യം മനസ്സിലായത്, ചുരുട്ടീ വച്ചിരിക്കുന്നത് ടൌവ്വൽ അല്ല, ചെരിയ പുതപ്പ് ആണ്, ട്രെയിനിൽ AC കമ്പാർട്ട്മെന്റിൽ ഉള്ളത് പോലെ !




അപ്പോഴാണ് വേറൊരണ്ണൻ ടിക്കറ്റുമായി എന്റെ അടുത്തേക്ക് വന്നത് ! അണ്ണന്റെ മൊബൈലിലെ ടിക്കറ്റിലേക്ക് നോക്കിയതും ഞാൻ വീണ്ടും ഞെട്ടി ! എന്റെ ടിക്കറ്റ് നമ്പറായ D-6 അതാ അണ്ണന്റെ ടിക്കറ്റിലും ! സൌകര്യങ്ങളൊക്കെ കണ്ട് ഞാൻ കുറച്ചൊന്ന് സമാധാനിച്ച് വരുകയായിരുന്നു, വീണ്ടും പെട്ടു !

PVR സ്റ്റിക്കർ ഉള്ള ഒരു അണ്ണൻ ഉടൻ കാര്യത്തിൽ ഇടപെട്ടു, ഫ്ലൈറ്റിലെ എയർ ഹോസ്റ്റസുമാരേപ്പോലേ അണ്ണന്മാർക്ക് നല്ല റെസ്പോൺസ് ഉണ്ട്, ഗോൾഡ് ആയതുകൊണ്ട് ആയിരിക്കും ! എന്റെ കയ്യിലുള്ളത് കൺഫേർമ്ഡ് ടിക്കറ്റിന്റെ മൊബൈലിൽ എടുത്ത ഫോട്ടൊയാണ്, മറ്റേ അണ്ണന്റെ കയ്യിലുള്ളത്
PVR സൈറ്റിൽ ടിക്കറ്റ് കാണിക്കുന്നതിന്റെ സ്ക്രീൻഷോട്ടൊ മറ്റോ ആണ്. കൺഫേർമ്ഡ് ടിക്കറ്റ് ആണോ എന്ന് PVR അണ്ണൻ എന്നോട് ചോദിക്കുകയും , ഞാൻ അപ്പോഴത്തെ ആവേശത്തിന് “അതേ” എന്ന് പറയുകയും ചെയ്തു. എന്തായാലും മറ്റേ കക്ഷിയെ വിളിച്ചുകൊണ്ട് PVR അണ്ണൻ പുറത്തേക്ക് പോയി.

അപ്പോഴേക്കും എന്റെ ടിക്കറ്റിൽ എന്തോ പന്തികേട് എനിക്ക് തോന്നി തുടങ്ങി ! എന്റെ ക്രഡിറ്റ് കാർഡ് ICICIയുടെ ആണ്, അതു വച്ചാണ് ഞാൻ ബുക്ക് ചെയ്തിരുന്നത് എന്നായിരുന്നു എന്റെ ഓർമ്മ, ഞാൻ മൊബൈലിൽ ICICIയിൽ നിന്നുള്ള SMSകൾ അരിച്ച് പെറുക്കി നോക്കി, പൈസ ഡിഡക്റ്റ് ആയതിന്റെ മെസ്സേജ് കാണാനേ ഇല്ല ! എനിക്ക് ഭയകര വിഷമമായി, എന്റേത് പൈസ ഡിഡക്റ്റ് ആകാതെ ടിക്കറ്റ് കൺഫർമേഷൻ തെറ്റി വന്നതാണെന്ന് ഞാൻ വിചാരിച്ചു, ഞാൻ കാരണം ആ പാവത്തിന്റെ അവസരമാണ് പോയത്, എനിക്കാണെങ്കിൽ ഈ സിനിമ 2Dയിൽ കാണുവാൻ ഒരു താത്പര്യവുമില്ല, സമയത്ത് ആ കാര്യം പറഞ്ഞിരുന്നെങ്കിൽ പുള്ളിക്ക് സിനിമ കാണാമായിരുന്നു. കുറ്റ ബോധം കൊണ്ട് സിനിമ കാണുവാനുള്ള മൂഡ് തനെ പോയി !

കുറേ കഴിഞ്ഞ് അവരുടെ മനേജർ എന്തോ വന്ന് എന്റെ ടിക്കറ്റിന്റെ ഫോട്ടൊ മൊബൈലിൽ എടുത്ത് കൊണ്ട് പോയി ! ഇന്റർവെൽ വരെ അവർ ഏതു സമയവും വന്ന് എന്നെ എഴുന്നേൽപ്പിച്ച് വിടുമെന്നുള്ള പേടിയായിരുന്നു, പക്ഷേ എതുകൊണ്ടോ അവർ പിന്നെ വന്നില്ല. പക്ഷെ തിരികെ ചെന്ന് ഈ സീറ്റ് അയാൾക്ക് കൊടുക്കണമെന്ന് പറയാനുള്ള ധൈര്യം എനിക്ക് ഉണ്ടായില്ല !

എന്തായാലും സിനിമ കഴിഞ്ഞു. പക്ഷേ എന്തിരൻ 1 എന്റെ അത്രക്ക് എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടില്ല, സിനിമയിൽ കണിക്കുന്ന മിക്കവാറും കാര്യങ്ങളിൽ ഒരു ലോജിക്ക് ഇല്ല എന്ന് എനിക്ക് തോന്നി ! ഗ്രാഫിക്സ് ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും കുറച്ച് ഓവറായി പോയില്ലേ എന്നും തോന്നി ! പക്ഷേ ഓവർ ഓൾ ഉള്ള മെസേജ് എനിക്ക് ഇഷ്ടപ്പെട്ടു, നിങ്ങൽ പലരും സിനിമ കണ്ടിട്ടില്ലാത്തവർ ആയിരിക്കും എന്നതു കൊണ്ട് അത് ഇവിടെ പറയുന്നില്ല.

എന്തായാലും വീട്ടിൽ വന്ന് ബാങ്ക് സ്റ്റേട്ട്മെന്റ് അരിച്ചു പെറുക്കി നോക്കിയപ്പോഴാണ് മനസ്സിലായത് പൈസ പേ ചെയ്തത് ഡെബിറ്റ് കാർഡിൽ നിന്നാണെന്ന്, എന്തായാലും പൈസ അക്കൌണ്ടിൽ നിന്നും ഡിഡക്റ്റ് ആയിട്ടുണ്ട്, എനിക്ക് വളരെ ആശ്വാസം തോന്നി, അയാൾ മുടക്കിയ പൈസയിൽ നിന്നല്ലല്ലോ ഞാൻ സിനിമ കണ്ടത് എന്ന്. പക്ഷേ രണ്ട് പേർക്ക് ഒരേ ടിക്കറ്റ് നമ്പർ വന്നത് ഇപ്പോഴും മനസ്സിലാകാത്ത കാര്യമാണ്.

ഇതെല്ലാം പറഞ്ഞത് ഒരേ ഒരു കാര്യം പറയുവാനാണ്. ലുലു മാളിലാണ് ഈ സിനിമക്ക് പോകുന്നതെങ്കിൽ ഓഡിറ്റോറിയം 9 2D മാത്രമേ ഉള്ളൂ എന്ന കാര്യം ശ്രദ്ധിക്കുക. പിന്നെ ടിക്കറ്റ് കൺഫേർമ്ഡ് അല്ലേ എന്നും ഉറപ്പ് വരുത്തുക !

No comments: