ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Tuesday, September 11, 2012

ചെന്നൈ വിസിറ്റ്


                     ഒന്നാം തിയതിയാണ് ചെന്നൈയിലേക്കുള്ള ഒരു ഇന്റര്‍വ്യൂ കോള്‍ വരുന്നത്. മിഷെലിന്‍ എന്ന ഒരു ഫ്രഞ്ച് ടയര്‍ കമ്പനിയാണ്. ഫയര്‍ ഓഫീസര്‍ എന്ന പോസ്റ്റിലേക്കാണ്, വെരുതേ ഇരിക്കുകയല്ലേ ഒന്ന് പോയിനോക്കാമെന്നു വിചാരിച്ചു. യാത്രാ ചിലവ് അവര്‍ തരും പിന്നെ അല്ലറ ചില്ലറ ചിലവുകളേ വരൂ. മൂന്നാം തിയതി തന്നെ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് അവര്‍ക്ക് നിര്‍ബന്ധം. ട്രെയിന്‍ ടിക്കറ്റ് കിട്ടാന്‍ ബുധിമുട്ടായിരിക്കും, ഇന്റെര്‍നെറ്റില്‍ ഒന്ന് സേര്‍ച്ച് ചെയ്ത് നോക്കി, ഒരു രക്ഷയുമില്ല ഓണാവധി കഴിഞ്ഞ് തിരികെ പോകുന്നവരുടെ തിരക്കാണ്. ഒരു സ്പെഷ്യല്‍ ട്രെയിനുള്‍പ്പെടെ മൂന്ന് ട്രെയിനുകളിലും ടിക്കറ്റില്ല. ഇനി ഒരു വഴിയേ ഉള്ളൂ രാവിലെ പോകുന്ന ഏതെങ്കിലും ട്രെയിനില്‍ കയറി രാത്രി അവിടെ ഇറങ്ങി ലോഡ്ജില്‍ മുറിയെടുക്കുക. വേറെവഴിയില്ലാത്തതു കൊണ്ട് അങ്ങിനെ തന്നെ എന്ന് വിചാരിച്ചു. 
                      അന്നു തന്നെ ആലുവയില്‍ പോയി അവിടേക്കും തിരിച്ചും ഉള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്തു. രണ്ടും വെയിറ്റിങ്ങ് ലിസ്റ്റാണ് 100 ന് മുകളില്‍ ! കിട്ടാന്‍ ഒരുചാന്‍സുമില്ല.തിരുവനന്തപുരത്തു നിന്നും ഖൊരക്പൂരിനുള്ള രപ്തിസാഗര്‍ എന്ന ട്രെയിനിനാണ് പോകേണ്ടത്. തിരികെയും അതിനു തന്നെ വരണം. പിറ്റേന്ന് രാവിലെ ട്രെയിനില്‍ കയറി, ആദ്യം തന്നെ ടി.ടി.ആറിനെ തിരഞ്ഞു. വല്ല വിധേനെയും ടിക്കറ്റ് കണ്‍ഫോര്‍മായാല്‍ രക്ഷ പെട്ടല്ലോ. അയാള്‍ ഇങ്ങോട്ട് എത്തി നോക്കിയിട്ടില്ലെന്ന് അടുത്തിരുന്ന ചേട്ടന്‍ പറഞ്ഞു. പണിയായി! ഇനി അയാളെ തേടി എത്ര കംപാര്‍ട്ട്മെന്റ് കയറി ഇറങ്ങണമാണാവോ. കുറെ ചെന്നപ്പോള്‍ അയാളെ കണ്ടു. കണ്‍ഫോര്‍മായിട്ടില്ലെങ്കില്‍ സ്ലീപ്പറില്‍ നിന്ന് ഇറങ്ങി പോകാന്‍ പറയുമോ എന്ന് പേടിയുണ്ടായിരുന്നു. മുന്‍പ് അങ്ങനെ ഒരു പറ്റ് പറ്റിയിട്ടുണ്ട് മംഗലാപുരത്തേക്കുള്ള യാത്രയില്‍. അന്ന് ഒരു കപട മാന്യന്‍ ടി.ടി.ഇ സ്ലീപ്പര്‍ കോച്ചില്‍ നിന്ന് ഇറക്കി വിട്ടു. സാധാരണയായി വെയിട്ടിംഗ് ലിസ്റ്റ്കാരെ ഇറക്കി വിടുന്ന പതിവില്ല എങ്കിലും. അയാള്‍ എന്റെ ടിക്കറ്റ് വാങ്ങി നീണ്ട ലിസ്റ്റില്‍ പരിശോധിച്ചു. വെയിറ്റിങ്ങ് ലിസ്റ്റ് ഒന്ന് ആയിട്ടുണ്ട്. കഷ്ടം ഒരാള്‍കൂടെ ക്യാന്‍സല്‍ ചെയ്തിരുന്നെങ്കില്‍ സീറ്റ് കിട്ടുമായിരുന്നു. അല്ല, കിട്ടിയാലും കിട്ടിയില്ലെങ്കിലും സ്ലീപ്പറില്‍ ഇരുന്നു തന്നെ പോകാം ആരെങ്കിലും സീറ്റിന് അവകാശവാദം കൊണ്ട് വന്നാല്‍ അടുത്ത സീറ്റിലേക്ക് മാറണം പിന്നെ പ്രശ്നമില്ലല്ലോ. 
                      ഒരു കൂട്ടില്ലാത്തതു കൊണ്ട് പരമ ബോറാണ്. ഇടക്ക് തൃശൂരില്‍ നിന്ന് രണ്ട് മാന്യന്‍മാര്‍ കയറി കല പില സംസാരം തുടങ്ങി. ഇവര്‍ക്കെങ്ങനെ ഇതുപോലെ വാതോരാതെ സംസാരിക്കാന്‍ കഴിയും എന്ന് ഞാന്‍ അത്ഭുതപ്പെട്ടു, എനിക്കാണെങ്കില്‍ കുറച്ച് സംസാരിക്കണമെങ്കില്‍ തന്നെ ബാലികേറാമല കയറുന്നതു പോലെയാണ്. അതിനിടക്ക് കാല്‍ അയാളുടെ സീറ്റില്‍ വച്ചതിന് തൃശൂര്‍ സ്റ്റൈലില്‍ അയാളുടെ വക കമന്റ് "നിര്‍ഭന്താ?" ഞാന്‍ ഇളിഭ്യനായി കാല്‍ പിന്‍വലിച്ചു. ചമ്മല്‍ കാരണം കുറെ സമയത്തേക്ക് ആരുടെയും മുഖത്ത് നോക്കിയില്ല, ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. കോയമ്പത്തൂരില്‍ മാന്യന്‍മാര്‍ രണ്ടു പേരും ഇറങ്ങി. പകരം പ്രായമായ രണ്ട് തമിഴര്‍ വന്നു. ഞാന്‍ പിന്നെയും ബോറടിച്ചു തന്നെ അവിടെ ഇരുന്നു. കുറെ കഴിഞ്ഞ് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വന്നു. മൂന്ന് ചപ്പാത്തിയും ചോറും പിന്നെ പരിപ്പ് കറിയും പനീര്‍ മസാലയും ഒരു പാക്കറ്റ് അച്ചാറും എല്ലാം കൂടി 60 രൂപ. എന്തൊരു തീപിടിച്ച വില! പുറത്തുനിന്ന് കിട്ടിയില്ലെങ്കിലോ എന്ന് വിചാരിച്ച് മാത്രമാണ് ഓര്‍ഡര്‍ ചെയ്തത്. തമിഴര്‍ രണ്ടു പേരും ഉറങ്ങാന്‍ തുടങ്ങുകയാണ് എന്നോട് സാര്‍ എവിടെയാണ് ഇറങ്ങുതെന്ന് ചോദിച്ചു. ആ സാര്‍ വിളി എനിക്കിഷ്ടമായി, ഞാന്‍ കുറച്ച് വെയിറ്റിട്ട് ചെന്നൈലാണ് ഇറങ്ങുന്നതെന്ന് പറഞ്ഞു. ഒന്ന് വിളിക്കണമെന്ന് പറഞ്ഞ് അവര്‍ ഉറക്കമായി. മറ്റുള്ളവരും ഉറങ്ങാന്‍ കിടന്നു. ബര്‍ത്തില്ലാത്തതു കൊണ്ട് ഞാന്‍ മാത്രം അവിടെത്തന്നെ ഇരുന്നു. 
                   അങ്ങനെ ചെന്നൈ എത്തി. പറഞ്ഞപോലെ അവരെ വിളിച്ചുണര്‍ത്തി ഞാന്‍ മാന്യതകാണിച്ചു. ഞാന്‍ ഇറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് ഒന്നു കണ്ണോടിച്ചു ഒരു മാറ്റവുമില്ല 2003ല്‍ ഞാന്‍ ചെന്നൈയില്‍ ജോലി ചെയ്തിരുന്നു അതിനു ശേഷവും ഇവിടെ വന്നിട്ടുണ്ട്. എല്ലാം പഴയതുപോലെ തന്നെ. ഞാന്‍ പുറത്തിറങ്ങി അരോമ ലോഡ്ജില്‍ മുറി എടുത്തു. മുറിയില്‍ ഭയങ്കര ചൂടാണ്. അത് മുന്‍പ്  ചെന്നൈയില്‍ താമസിച്ചിരുന്നത് എന്നെ ഓര്‍മ്മിപ്പിച്ചു. പിറ്റേന്ന് 12മണിക്കാണ് ഇന്റര്‍വ്യൂ, അതുകോണ്ട് വൈകി എഴുന്നേറ്റാല്‍ മതി. ഞാന്‍ അലാറം വച്ച് കിടന്നു. രാവിലെ എഴുന്നേറ്റു, ഉറക്കം ശരിയായില്ല അതുകൊണ്ട് എഴുന്നേല്‍ക്കാന്‍ ഒരു മടി. അതു സാരമാക്കാതെ റെഡിയായി ബസ്റ്റോപ്പിലെത്തി. വടപ്പളനി എന്ന സ്ഥലത്താണ് ഇന്റര്‍വ്യൂ. ഒരു വോള്‍വോ ബസില്‍ കയറി, കുറച്ച് കാശ് പോകുമെങ്കിലും വൃത്തിയായി സ്ഥലത്തെത്താം. മറ്റ് ബസുകളെല്ലാം പൊടിയും ചെളിയും പിടിച്ച് വൃത്തിഹീനമാണ്. ഇവിടെ ബസുകള്‍ ഒരിക്കലും കഴുകാരറില്ല എന്നു തോന്നുന്നു. എനിക്ക് അശോക് പില്ലര്‍ എന്ന സ്ഥലത്തിറങ്ങണം അവിടെ നിന്ന് മറ്റൊരു ബസിലാണ് വടപ്പളനിക്ക് പോകേണ്ടത്. പക്ഷെ അശോക് പില്ലറില്‍ നിന്ന് ഒരു സാദാ ബസാണ് കിട്ടിയത് പൊടിയും ചെളിയും ആകാതെ ഒരു വിധത്തില്‍ അവിടെ എത്തി. ചെന്നൈ മെട്രോയുടെ പണി നടക്കുകയാണ് റോഡില്‍ നിന്ന് വളരെ ഉയരത്തിലാണ് ഓവര്‍ ബ്രിഡ്ജ് പണിയുന്നത്, വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കാതെയാണ് പണി നടക്കുന്നത്. കൊച്ചി മെട്രോക്കും ഇത് മാത്രകയാക്കാവുന്നതാണ്. ഇന്റര്‍വ്യൂ ലൊക്കേഷനായ ശ്യാമള ടവേഴ്സ് കുറച്ച് ദൂരെയാണ് ഞാന്‍ നടന്ന് വളരെ നേരത്തെ സ്ഥലത്തെത്തി. മിഷെലിന്‍ ടയേഴ്സ് ഒന്‍പതാമത്തെ നിലയിലാണ് ഏതാണ്ട് 11:30 ആയപ്പോള്‍ ഞാന്‍ അവിടെയെത്തി. ഇന്റര്‍നാഷണല്‍ സ്റ്റൈലിലാണ് ഓഫീസ്. അകത്തായി ഒരു ക്യാന്റീനുമുണ്ട്. എച്ച്. ആര്‍ ഇന്റര്‍വ്യൂ കഴിഞ്ഞ് അടുത്തതിനായി അവര്‍ എന്നെ അവരുടെ ആമ്പത്തൂരിലെ ഓഫീസിലേക്കയച്ചു അവിടെയാണ് സെക്കന്റ് ഇന്റര്‍വ്യൂ. ഒരു HSE ഓഫീസറാണ് ഇന്റര്‍വ്യൂ നടത്തിയത്. കുറച്ചുകൂടി സീനിയറായ ഒരാളെയാണ് അവര്‍ പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ എനിക്ക് സെലക്ഷനില്ല. എങ്കിലും ദുഖമൊന്നും തോന്നിയില്ല. നേരെ ബസ്റ്റോപ്പിലേക്ക് വച്ചടിച്ചു. വഴിയില്‍വച്ച് ഒരു ചാറ്റും ശാപ്പിട്ടു. ചുറ്റും ബഹുനില  ഐടി  മന്ദിരങ്ങളാണ് ഇന്‍ഫോ പാര്‍ക്കുപോലെ മനോഹരമായ ബില്‍ഡിങ്ങുകള്‍. ഞാന്‍ കുറെ നടന്ന് ബസ്റ്റാന്റിലെത്തി ഇവിടെനിന്നും റെയില്‍വേ സ്റ്റേഷ്നിലേക്ക് ഡയറക്ട് ബസ് കിട്ടുമെന്ന് ഒരാള്‍ പറഞ്ഞു. ബസില്‍ കയരിയപ്പോഴാണ് മനസിലായത് അത് ഞാന്‍ വന്ന വഴിയെ ആണ് പോകുന്നത്. അബദ്ധമായല്ലോ എന്ന് ആദ്യം വിചാരിച്ചു പിന്നീടാണ് മനസിലായത് അവിടെയൊന്നും സ്റ്റോപ്പില്ല എന്ന്.ആശ്വാസമായി.
                        റൂമില്‍ വന്നു ഫ്രെഷ് ആയി മുറി വെക്കേറ്റ് ചെയ്ത് നേരെ ഹോട്ടലിലേക്ക് വച്ചു പിടിപ്പിച്ചു. റൊട്ടിയും പാലക് പനീറും ഓര്‍ഡര്‍ ചെയ്തു. എനിക്ക് ഏറ്റവും പ്രിയമുള്ള നോര്‍ത്തിന്ത്യന്‍ വിഭവമാണ്. കഴിച്ചു കഴിഞ്ഞപ്പോള്‍ മനസിലായി കുറച്ച് ഓവറായിപ്പോയി എന്ന്. വയറും തിരുമി നേരെ പ്ളാറ്റ്ഫോമിലേക്കു നീങ്ങി. അവിടെ ഒരു കസേരയില്‍ ഇരിപ്പുറപ്പിച്ചു. 11:45 നാണ് ട്രെയിന്‍, മൂന്ന് മണിക്കൂറോളം കാത്തിരിക്കണം. അതിനിടയില്‍ ഫോണിലൂടെ റിസര്‍വേഷന്‍ സ്റ്റാറ്റസ് ഒന്നു പരിശോധിച്ചു. ഭാഗ്യം ബര്‍ത്ത് കിട്ടിയിട്ടുണ്ട്. കിട്ടുമെന്ന് വിചാരിച്ചതല്ല. എന്തായാലും രാത്രി മുഴുവന്‍ സീറ്റീലിരുന്ന് ഉറക്കം തൂങ്ങണ്ടല്ലോ. പ്രതീക്ഷിച്ചതിലും നേരത്തെ ട്രെയിന്‍ പ്ളാറ്റ്ഫോമിലെത്തി. ബോഗിയില്‍ നിറയെ ഭായിമാരാണ്. കൃത്യ സമയത്തുതന്നെ ട്രെയിന്‍ പുറപ്പെട്ടു.ഞാന്‍ ആശ്വസിച്ചു അങ്ങനെ ഒരു ഇന്റര്‍വ്യു കൂടി കഴിഞ്ഞു. പോയത് പോയി ഇനിയും കിട്ടും അവസരം.

No comments: