ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Wednesday, September 19, 2012

ഇങ്ങനെയും ഒരു ജോബ് കണ്‍സല്‍ട്ടന്‍സി

പത്രത്തില്‍ പരസ്യം കണ്ടാണ് തൊടുപുഴയിലുള്ള റോയല്‍ കണ്‍സല്‍ട്ടന്‍സിയിലേക്ക് വിളിക്കുന്നത്. ബാംഗ്ലൂരാണ് ഒഴിവുള്ളത് മറ്റ് വിവരങ്ങളൊന്നും എത്ര ചോദിച്ചിട്ടും പറയുന്നില്ല. ഓഫീസിലേക്ക് വന്നാല്‍ എല്ലാം പറയാമെന്ന ഒരു വാചകം മാത്രം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. ഒരുപാട് അകലെയല്ലല്ലോ, പോയേക്കാം എന്നു വച്ചു. ടൂവീലര്‍ കുറുപ്പംപടിയില്‍ വച്ച് പെരുംമ്പാവൂര്‍ക്ക് ബസ് കയറി.പെരുംമ്പാവൂരില്‍നിന്ന് തൊടുപുഴക്ക് ത്രൂ ബസ് ലഭിക്കും. KSRTC ബസ് സ്റ്റാന്‍ഡിലിറങ്ങി സ്റ്റേഷന്‍ മാസ്റ്ററോട് ബസ് എപ്പോഴാണെന്ന് അന്യോഷിച്ചു. 11മണിക്കുണ്ട് അയാള്‍ പറഞ്ഞു. പറഞ്ഞു നില്‍ക്കാതെ തൊടുപുഴക്കുള്ള ബസ് വന്നു. സീറ്റുണ്ട് സമാധാനമായി. സൈഡ് സീറ്റില്‍ തന്നെ ഇരിപ്പുറപ്പിച്ചു. ഡ്രൈവര്‍ കത്തിച്ചു വിടുകയാണ്. ഒരല്പം പേടി തോന്നി, ഏയ് കുഴപ്പമൊന്നും ഉണ്ടാകില്ല ഞാന്‍ മനസില്‍ പറഞ്ഞു. അധികം വൈകാതെ മൂവാറ്റുപുഴ എത്തി. ബസ് സ്റ്റാന്‍ഡില്‍ കുറച്ചു സമയം മാത്രമേ നിര്‍ത്തിയിട്ടുള്ളൂ. തൊടുപുഴക്കുള്ള റോഡ് നല്ലതാണ്. ഡ്രൈവര്‍ സ്പീട് ഒന്നുകൂടി കൂട്ടി. മലകള്‍ക്കിടയിലൂടെ കയറ്റവും ഇറക്കവും ഉള്ള റോഡായിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത് പക്ഷെ എനിക്ക് തെറ്റി, നല്ല സ്ട്രെയിറ്റ് റോഡാണ്, കയറ്റവും ഇറക്കവും തീരെ ഇല്ല. ഏതാണ്ട് 12:30ക്ക് തൊടുപുഴ എത്തി. ഇ ആന്‍ഡ് റ്റി ടവറിലാണെന്നാണ് അവര്‍ പറഞ്ഞത്, വ്യക്തതയില്ല. കുറച്ചു ദൂരം നടന്ന് നോക്കി. ആര്‍ക്കും വലിയ പിടിയില്ല. അവസാനം അവരുടെ മൊബൈല്‍ നംമ്പറില്‍ വിളിച്ചു. ബസ് സ്റ്റാന്റില്‍ നിന്നോ ഞങ്ങള്‍ അങ്ങോട്ട് വരാമെന്ന് അവര്‍ പറഞ്ഞു. അവര്‍ എവിടെയോ പോയിരിക്കുകയാണത്രെ. ഞാന്‍ ബസ് സ്റ്റാന്റില്‍ നിന്ന് വളരെ ദൂരം പോയിക്കഴിഞ്ഞു. വേഗം തന്നെ തിരികെയെത്തി. അവര്‍ എത്താന്‍ കുറച്ച് സ്മയമെടുത്തേക്കും, എന്നാല്‍ ഉച്ചക്ക് ഊണുകഴിക്കാം എന്നു വിചാരിച്ചു. അടുത്തുകണ്ട ഹോട്ടലില്‍ കയറി. ഒരു വീട് ഹോട്ടലാക്കി മാറ്റിയിരിക്കുകയാണ്. ഊണ് തരക്കേടില്ല. ഞാന്‍ ബില്ലടച്ച് വീണ്ടും സ്റ്റാന്റിലെത്തി. സ്റ്റാന്റിലേക്ക് വരുന്നവരെയെല്ലാം ഞാന്‍ നിരീക്ഷിക്കുകയാണ്, റോയല്‍കാരെ ഞാന്‍ കണ്ടിട്ടില്ലല്ലോ. പലരും വന്ന് മൊബൈല്‍ എടുത്ത് വിളിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ആകാംഷയോടെ അവരെ നോക്കി. ഇല്ല ഇതൊന്നും അവരല്ല. അര മണിക്കൂറായി, അവര്‍ ഇതു വരെ എത്തിയിട്ടില്ല. ഞാന്‍ ഫോണെടുത്ത് വീണ്ടും അവരെ വിളിച്ചു. ആദ്യം പറഞ്ഞത് ഒന്നും കേട്ടിട്ടേയില്ല എന്ന ഭാവത്തിലാണ് അയാളുടെ സംസാരം. ഞാന്‍ കഥയെല്ലാം വീണ്ടും പറഞ്ഞു. ഞങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ് അയാള്‍ എന്നെ സമാധാനിപ്പിക്കാന്‍ പറഞ്ഞു. ഞാന്‍ പിന്നെയും കാത്തു നിന്നു. അര മണിക്കൂര്‍ കഴിഞ്ഞിട്ടും അവരുടെ പൊടി പോലും കാണുന്നില്ല. ഞാന്‍ വീണ്ടും വിളിച്ചു. അപ്പോഴാണ് കാര്യം മനസിലാകുന്നത് അവര്‍ ഓഫീസിലെത്തിയിട്ടില്ല. എന്നോട് തിരിച്ചു പോകാനാണ് അവര്‍ പറയുന്നത്. എനിക്ക് ദേഷ്യം വന്നു. ഞാന്‍ അവരെ കുറെ ചീത്ത വിളിച്ചു. ഇന്നത്തെ യാത്ര വെറുതെ ആയി. ഇവര്‍ ഇങ്ങനെ ചതിക്കുമെന്ന് ആരറിഞ്ഞു? എന്തായാലും ഞാന്‍ തിരിച്ച് പോരാന്‍ തീരുമാനിച്ചു. സ്റ്റാന്റില്‍ ത്രിശൂര്‍ക്കുള്ള ബസ് കിടക്കുന്നുണ്ട്. പെരുമ്പാവൂര്‍ വഴിയാണ് അത് പോകുന്നത്. ഞാന്‍ അതില്‍ കയറി, ഭാഗ്യം സീറ്റുണ്ട്. മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഇടത്തെ സൈഡിലായി ഞാന്‍ ഇരുന്നു. സീറ്റില്‍ മറ്റ് രണ്ട് പേര്‍ കൂടി വന്നു. കുറെ കഴിഞ്ഞതും എന്റെ അടുത്തിരിക്കുന്നയാള്‍ ഉറക്കമായി. അയാള്‍ ആടിയാടി എന്റെ തോളിലേക്ക് ചാഞ്ഞു. ഞാന്‍ തോളുകൊണ്ട് ഒരു തട്ട് കൊടുത്തു. ഒരു രക്ഷയുമില്ല. അയാള്‍ വീണ്ടും എന്റെ തോളിലേക്ക് ചാഞ്ഞു. ഇത്തവണ ഞാന്‍ തോള്‍ താഴ്ത്തി കൊടുത്തു. ആടിവന്നയാള്‍ വന്നപോലെ റിവേര്‍സ് പോയി. എന്നിട്ടും അയാള്‍ എഴുന്നേല്‍ക്കുന്നില്ല എന്ന് കണ്ടപ്പോള്‍ ഞാന്‍ അയാളെ വിളിച്ചുണര്‍ത്തി. അയാള്‍ ക്ഷമിക്കണം എന്ന് ആംഗ്യം കാട്ടി. ബസ് പെരുമ്പാവൂരിലെത്തി കഴിഞ്ഞു. ഞാന്‍ അടുത്ത ബസില്‍ കയറി പതുക്കെ വീട്ടിലേക്ക് തിരിച്ചു.

No comments: