ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Monday, June 26, 2017

എന്റെ കൊച്ചി മെട്രോ യാത്ര !


ഒരു വികസന ഭ്രാന്തനായ എന്നെ സംബന്ധിച്ചിടത്തോളം കൊച്ചി മെട്രോ യാഥാർധ്യമാകുക എന്നത് ഒരു സ്വപനം തന്നെയായിരുന്നു. കൊച്ചി മെട്രോ മാത്രമല്ല വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ, നെടുമ്പാശേരി വിമാനത്താവളം, കൊച്ചിയിലൂടെയുള്ള നാലുവരിപ്പാത തുടങ്ങിയവയൊക്കെ സ്വപ്നത്തിൽ യാഥാര്ധ്യമാകുന്നത് സങ്കൽപ്പിച്ച് കിനാവുകൾ അയവിറക്കി കിടന്നുറങ്ങിയിട്ടുണ് പണ്ട്. എന്തിന് ആലുവ മുതൽ അങ്കമാലി വരെ നാലുവരിപ്പാത പണിതീർന്നത് കാണുവാനായി പെരുമ്പാവൂർക്കുള്ള യാത്ര അതുവഴിയാക്കിയിട്ടുണ്ട് പിന്നല്ലേ !
കോളേജിൽ പഠിക്കുന്ന കാലം മുതൽ കേൾക്കാൻ തുടങ്ങിയതാണ് കൊച്ചി മെട്രോയെപ്പറ്റി.മാതൃഭൂമിയിൽ പൊടിപ്പും തൊങ്ങലും വച്ച് വന്നിരുന്ന ലേഖനങ്ങൾ ആണ് എരിതീയിൽ എണ്ണ പകർന്നിരുന്നത്. മാതൃഭൂമി വായിച്ചാൽ ഇതുവരെ സ്വപ്‍നം കാണാത്തവർ പോലും സ്വപ്‍നം കൊണ്ടുപോകുന്ന അവസ്ഥയാണുള്ളത് ! ഇടക്ക് വീട്ടിൽ മനോരമയാക്കിയപ്പോഴാണ് വ്യത്യാസം തിരിച്ചറിഞ്ഞത്. മനോരമയിൽ വികസന വാർത്തകൾ വായിക്കുമ്പോൾ നമ്മുടെകയ്യിലെ കാശ് അടിച്ചു മാറ്റാനുള്ള മനോരമയുടെ ഓരോരോ തട്ടിപ്പുകൾ മാത്രകളായാണ് തോന്നിയിട്ടുള്ളത് !! എന്തായാലും അത്രക്ക് ആത്മാർഥമായിട്ടുള്ളതായിരുന്നു മാതൃഭൂമിയിലെ ലേഖനങ്ങൾ, ഇന്നും അത് അതുപോലെ തന്നെയാണ്.

വല്ലാർപാടം ടെര്മിനലുന്റെ ഉദ്ഘാടനത്തിന് പോയത് പോലെ കൊച്ചിമെട്രോയുടെയും ഉദ്‌ഘാടനത്തിന് പോകണമെന്നുണ്ടായിരുന്നു പക്ഷെ അത് കൊച്ചി മെട്രോക്കാർ ക്ഷണിതാക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തി. പോട്ടെ ആദ്യ ദിവസത്തെ യാത്രയെങ്കിലും സാധാരണ ജനങ്ങൾക്ക് അനുവദിക്കാമായിരുന്നു. പക്ഷെ അതും വി ഐ പി കൾക്ക് മാത്രമായി പരിമിതപ്പെടുത്തി ! ഇവിടെ വി ഐ പി കൾക്കാണോ അതോ ജനത്തിനാണോ പ്രാധാന്യം ?! എന്തായാലും സാധാരണ ജനങ്ങൾക്ക് മെട്രോ തുറന്ന് കൊടുക്കുന്ന തിങ്കളാഴ്ച തന്നെ ലീവെടുത്ത് മെട്രോയിൽ കയറിയാലോ എന്ന വിചാരിച്ചു, പക്ഷെ ആളുകൾ എന്ത് വിചാരിക്കുമെന്ന് കരുതി ഉപേക്ഷിച്ചു ! അവസാനം ആ അവധി ദിവസം വന്നെത്തി, ശനിയാഴ്ച്ച !

ഞാൻ പോരിമഴയത്ത് (!) ആലുവക്കുള്ള വണ്ടി പിടിച്ചു, കെ.എസ്.ആർ.ടി.സി ഗാര്യേജ് സ്റ്റോപ്പിൽ ഇറങ്ങി. അവിടെ നിന്ന് മെട്രോ വഴി പിറകോട്ട് പോയി ആലുവ സ്റ്റേഷനിൽ എത്തിയ ശേഷം എല്ലാ സ്റ്റേഷനിലും ഇറങ്ങി ഇറങ്ങി അവസാന സ്റ്റോപ്പായ പാലാരിവട്ടത്ത് എത്തുകയായിരുന്നു ഉദ്ദേശം ! എല്ലാം കുട്ടി ഒരു യുട്യൂബ് വിഡിയോ ഉണ്ടാക്കുകയും ഉദ്ദേശമുണ്ടായിരുന്നു. ഇപ്പോൾ നിങ്ങൾ വിചാരിക്കും എനിക്ക് പ്രാന്താണെന്ന് ! അല്ല ശരിക്കും പ്രാന്തുണ്ടല്ലോ ! അതിന്റെ കൂടെ ഇതും കൂടെ അത്ര തന്നെ.

എന്തായാലും ആദ്യ മെട്രോ ട്രെയിൻ വരുകയാണ്. ഒരു പെണ്ണാണ് ഓടിക്കുന്നത്, ആദ്യ യാത്രയിൽ തെന്നെ ഒരു പെണ്ണോടിക്കുന്ന മെട്രോയിൽ കയറുവാൻ കഴിഞ്ഞതിൽ അഭിമാനം തോന്നി. എന്തോ ഒരു ആഗ്രഹം സഫലമായതുപോലെ അനുഭവപ്പെട്ടു. വാർത്തയിൽ ഒരുപാട് കേട്ടിരുന്നല്ലോ. മെട്രോ ട്രെയിൻ വന്നു പതുക്കെ നിന്നു, നിർത്തിയത് അൽപ്പം പിറകിലായിപ്പോയോ എന്ന് കക്ഷിക്ക് സംശയം ! വീണ്ടും കുറച്ച് മുന്പിലേക്കെടുത്തു, നിർത്തി, ഹേ പോരാ ഒന്നുകൂടി മുന്പിലേക്കെടുത്തു! അപ്പോൾ സംശയം കുറച്ച് മുന്പിലേക്കായിപ്പോയോ എന്ന് പിന്നെ കുറച്ച് പിന്നിലേക്കെടുത്തു അപ്പോഴാണ് കക്ഷിക്ക് സമാധാനമായത് ! ഞാൻ കാറോടിക്കുന്നത് പോലെ തന്നെ !

അങ്ങനെ നാരായണത്ത് ഭ്രാന്തൻ സെക്കൻഡ് എഡിഷന് തുടക്കമിട്ടു ! ഓരോരോ സ്റ്റേഷനുകളിൽ ഇറങ്ങി കയറുകയാണ് . മെട്രോ സ്റ്റേഷനുകൾ കോട്ടയം അയ്യപ്പാസ് പോലെയാണ് അനുഭവപ്പെട്ടത് ! പുറമെ നിന്ന് നോക്കിയാൽ ചെറിയ സ്റ്റേഷൻ, അകത്ത്‌ ചെന്ന് നോക്കിയാലോ വിശാലമായ ഷോറും ! ചില ദോഷൈകദൃക്കുകൾ ആരോപിക്കുന്നതുപോലെ മെട്രോയിൽ ചോർച്ച ഒന്നും കണ്ടില്ല, പക്ഷെ മെട്രോസ്റ്റേഷനുകളിൽ പലതിന്റെയും മേൽക്കൂര ചോരുന്നുണ്ടായിരുന്നു, ഇത്ര വലിയ വികസന പ്രവർത്തനത്തിൽ ചില പ്രശ്നങ്ങളുണ്ടാക്കും അത് ഊതി പെരുപ്പിച്ച് കല്ലുകടി ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല. ഒരു വിദ്വാൻ "സ്റ്റേഷൻ പുരാ പാനി ഹൈ" , എന്ന് മെട്രോയുടെ എംഡിയോട് കംപ്ലെയ്ന്റ് ചെയ്യുന്നത് പോലെ അവിടെ നിന്ന ഒരു പാവം സെക്കുരിറ്റിയോട് കംപ്ലെയ്ന്റ് ചെയ്യുന്നത് കേട്ടു ! ഞാനും കക്ഷിയും സെക്കൂരിറ്റിയും അല്ലാതെ ആ സ്റ്റേഷനിൽ ആരും ഉണ്ടായിരുന്നില്ല ! ആലുവ, ഇടപ്പള്ളി, പാലാരിവട്ടം സ്റ്റേഷനുകളൊഴികെ എല്ലാം ഇത് പോലെ പ്രേത ലോകം തന്നെ ! മിക്ക സ്റേഷനുകളിലെയും റോയൽ കസ്റ്റമർ ഈ ഞാൻ തന്നെ ആയിരുന്നു !! എന്റെ അനുമാനം, ചുരുങ്ങിയ പക്ഷം വൈറ്റില വരെയെങ്കിലും മെട്രോ തീരാതെ ഇതിന്റെ യദാർത്ഥ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുകയില്ല എന്നാണ് . എന്ന് കരുതി മെട്രോയിൽ ആളില്ല എന്നൊന്നും വിചാരിക്കരുത്, എപ്പോഴും തിങ്ങി നിറഞ്ഞ് ആളാണ് എല്ലാ ട്രെയിനുകളിലും !

എല്ലാ സ്റ്റേഷനുകളിലും സഹായം വേണോ സഹായം വേണോ എന്ന ചോദിച്ചു കൊണ്ട് കുടുംബശ്രീ ചേച്ചിമാർ സോറി അനിയത്തിമാർ ഓടി വരും ! അവരുടെ സ്നേഹം കണ്ടിട്ട് മനസ്സ് നിറഞ്ഞു പോയി . . ഫ്‌ളൈറ്റുകളിലുള്ള എയർ ഹോസ്റ്റസുമാരെ വെല്ലും അവരുടെ സർവ്വീസ് ! കൊച്ചി മെട്രോയുടെ ഗ്രാഫ് ഉയർത്തുന്നതിൽ അവർക്ക് ഗണ്യമായ പങ്കുണ്ട്. ഇതിനു പകരം കെ.എസ്. ആർ.ടി.സി യിലും, പോലീസിലും ഉള്ളപോലെ മൊശകോടന്മ്മാർ ആയിരുന്നെങ്കിലോ ! കൊച്ചി മെട്രോ എപ്പോൾ പൂട്ടി കെട്ടി എന്ന് ചോദിച്ചാൽ മതി !

എന്തായാലും ഓരോ സ്റ്റേഷനുകളിലും സ്റ്റെയർക്കേസ്‌ കയറി ഇറങ്ങി കൊളസ്‌ട്രോൾ ശരിക്കും കുറഞ്ഞു കാണും ! പക്ഷെ അത് കാരണം അങ്ങോട്ടുള്ള യാത്ര അധികം ആസ്വദിക്കാൻ കഴിഞ്ഞില്ല ! പക്ഷെ തിരിച്ചുള്ള യാത്രയിൽ ലക്ഷ്വറി ശരിക്കും ആസ്വദിച്ചു ! ആളുകളുടെ മുഖത്ത് കണ്ട പ്രസാദത്തിനും അവരുടെ സന്തോഷത്ത്തിനും അതിരില്ലായിര്ന്നു ! അമ്പലത്തിൽ മാത്രമേ ഇത്രക്ക് പ്രസാദത്തിൽ ആളുകളെ കണ്ടിട്ടുള്ളു ! അത് ശരിക്കും കൊച്ചി മെട്രോയുടെ വിജയമാണ്. ഇതിനു മുൻപ് ഡൽഹി മെട്രോയിലും, ദുബായ് മെട്രോയിലും കയറിയിട്ടുണ്ട്. ഒരു പക്ഷെ എനിക്ക് തോന്നുന്നു രണ്ടിനെയും പിന്നിലാക്കുന്നതാണ് കൊച്ചി മെട്രോ ട്രെയിനുകളെന്ന് ! അത്രക്ക് വേൾഡ് ക്ലാസ് തന്നെയാണ് ഇവിടുത്തെ ട്രെയിനുകൾ. യാത്ര നീണ്ട് നീണ്ട് പോകുന്തോറും സന്തോഷം തോന്നി ! ഒരിക്കലും ആലുവ എത്തരുതേ എന്ന് ആഗ്രഹിച്ചു ! പക്ഷെ അവസാനം ആലുവ എത്തുക തന്നെ ചെയ്തു !! ഇറങ്ങിയപ്പോൾ കെ.എസ്. ആർ.ടി.സി യുടെ ഒരു ഫീഡർ ബസ് താഴെ കാത്ത് കിടക്കുന്നു, കയറിയപ്പോൾ ഞാൻ മാത്രം ! സോറി രണ്ട് പേർ കൂടി ഉണ്ട്, ഡ്രൈവറും കണ്ടക്ടറും !! ഫീഡർ ബസ് ആലുവ കെ.എസ്. ആർ.ടി.സി ബസ്റ്റാന്റിൽ കയറുകയിയല്ലാ അത്രേ ! പിന്നെന്ത് ഫീഡർ ബസ് ?! കെ.എസ്. ആർ.ടി.സി യുടെ തലയിൽ ഒരു പൊൻതൂവൽ കൂടി ! ആരാണോ എന്തോ ഈ റൂട്ടുകൾ തീരുമാനിച്ചത്, എന്തായാലും ഞാൻ മാത്രമായി ബസ് പെരുമ്പാവൂർക്ക് യാത്ര തിരിച്ചു ! അങ്ങനെ ഒരു ആഗ്രഹം സഫലീകരിച്ചു ! ശുഭം.
-- ഞാനെടുത്തത്തിൽ കുറെ ചിത്രങ്ങളും കൂടെ ചേർക്കുന്നു . .
 


ആദ്യത്തെ അതിഥി ! 

ആദ്യ ഡ്രൈവർ !

ലുലു മാൾ, മെട്രോയിൽ നിന്നും . .

കൊച്ചിമെട്രോയിലെ ഏക മണ്ടത്തരം !

സെൽഫി പോയന്റ് !

മെട്രോയിൽ മഴവിൽ വിരിയിച്ചപ്പോൾ !
സ്റ്റേഷനിലെ വീൽച്ചെയർ
 

No comments: