ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Tuesday, December 3, 2013

ഞാനുണ്ടാക്കിയ ഗര്‍ഭം !

ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഈ കഥ നടക്കുന്നത്. ശാലിനി എന്ന് പേരുള്ള ഒരു സുന്ദരിക്കുട്ടിയാണ് കേന്ത്ര കഥാപാത്രം.അവളുടെ ശാലീനത്വം കൊണ്ടായിരിക്കാം എന്തോ എനിക്ക് അവളെ വളരെ ഇഷ്ടപ്പെട്ടു. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുന്‍പ് അവളെ കുറിച്ച് അലോചിക്കും. എനിക്ക് സ്നേഹം കൂടി കൂടി വന്നു, എന്തു ചെയ്യണമെന്നറിയില്ല, സംസാരിക്കാനും കഴിയുന്നില്ല. അപ്പോഴാണ് ഒരു അവസരം ഒത്തു വന്നത്.അവള്‍ ക്ലാസില്‍ വരാന്തയില്‍ നില്‍ക്കുകയാണ്, കൈ തൂണില്‍ ചുറ്റി പിടിച്ചിട്ടുണ്ട്.ഞാന്‍ നേരേ അവളുടെ അടുത്തേക്ക് ചെന്നു, ഒന്നും അലോചിക്കാതെ എന്റെ കൈ അവളുടെ കൈക്ക് മുകളില്‍ ചേര്‍ത്തു പിടിച്ചു. ഒരു പക്ഷെ അത് അവള്‍ അറിഞ്ഞിട്ടു പോലുമുണ്ടാവില്ല, അഥവാ അവള്‍ അത് കാര്യമാ‍യെടുത്തിട്ടുണ്ടാവില്ല, എന്തായാലും ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല അവള്‍ അതൊന്നും മൈന്റ് ചെയ്തത്പോലുമില്ല.നിങ്ങള്‍ പ്രതീക്ഷിച്ച പോലെ കരണത്തടിയും കിട്ടിയില്ല എന്ന് ചുരുക്കം.

ആ ദിവസം അങ്ങനെ പോയി, പക്ഷെ രാത്രിയായപ്പോള്‍ എനിക്ക് ചില ദു:സംശയങ്ങളൊക്കെ തോന്നി തുടങ്ങി.കാരണം ഇതാണ്, കല്യാണത്തിന് വരനും വധുവും കൈകോര്‍ത്ത് പിടിക്കുന്നത് മാത്രം കണ്ടിട്ടുണ്ട്, പിന്നീട് കുട്ടികള്‍ ഉണ്ടാകുന്നത് ആണ് കണ്ടിട്ടുള്ളത്. വേറെന്തൊക്കെ നടക്കുന്നുണ്ടെന്ന് അന്ന് അറിയില്ലല്ലോ ! അപ്പോള്‍ എന്റെ ധാരണ ആണും പെണ്ണും കൈകോര്‍ത്ത് പിടിച്ചാല്‍ ഉടന്‍ കുട്ടികള്‍ ഉണ്ടാകും എന്നായിരുന്നു.(പിന്നീട് വളരെ വൈകിയാണ് ഈ മാന്യന്മാരുടെ കള്ളക്കളി മനസിലാകുന്നത് ! എങ്കിലും കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ മുന്നിലൂടെ ഞാനൊന്നു മറിഞ്ഞില്ല രമനാരയണ എന്ന് ഭവിച്ച് നടക്കുന്ന കക്ഷികളെ കാണുമ്പോള്‍ ഇപ്പോഴും അദ്ഭുദം തോന്നാറുണ്ട്) എന്തായാലും അതോടെ എനിക്ക് പേടിയായി. അവളെങ്ങും ഗര്‍ഭിണി ആകുമോ ? പിന്നീടും കുറെ ദിവസം ടെന്‍ഷനടിച്ച് നടന്നു. കാര്യം മനസ്സിലക്കാന്‍ കുറെ ശാസ്ത്ര പുസ്തകങ്ങളൊക്കെ വയിച്ചു. സയന്‍സിനോട് അന്നു തന്നെ വലിയ കമ്പം ഉണ്ടായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷെ ഒരു എത്തും പിടിയും കിട്ടിയില്ല. അന്നൊക്കെ എല്ലാം വളരെ ഡീസന്റ് ആയിരുന്നല്ലോ. ഇന്നാണെങ്കില്‍ വല്ല ആരോഗ്യ മാസിക വായിക്കുകയോ അല്ലെങ്കില്‍ ഗൂഗ്ഗിളിനോട് ചോദിക്കുകയോ ചെയ്താല്‍ മതിയായിരുന്നു, എന്തു ചെയ്യാം അന്ന് ആരോഗ്യ മാസിക ഇറങ്ങിയിട്ടില്ല ഗൂഗിളെടുക്കാന്‍ എന്റെ കൈയ്യില്‍ ലാപ്ടോപ്പുമില്ല !!! എന്തായാലും പിന്നീട് കുറെ ദിവസങ്ങള്‍ക്കു ശേഷവും ഒന്നും സംഭവിക്കുന്നില്ല എന്നറിഞ്ഞപ്പോഴാണ് സമാധാനമായത്. അങ്ങനെ ആ ഗര്‍ഭം അലസിപ്പോയി, പേടി കൊണ്ട് ആ പ്രേമ ബന്ധവും. പക്ഷെ ഇന്നും ഞാന്‍ അതോര്‍ത്ത് ചിരിക്കാറുണ്ട് ഒരു പക്ഷെ ഭാവിയില്‍ ഇനിയും ചിരിക്കേണ്ടി വരും !!

No comments: